News Desk

2021-02-11 06:32:48 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സ്വദേശി പൗരന്‍ 144 ദിവസത്തിനുശേഷം രോഗമുക്തി നേടി. കൊവിഡ് രോഗബാധയെ തുടര്‍ന്ന് 65കാരനായ രോഗിക്ക് കടുത്ത സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി) ഹസ്ം മെബൈറീക്ക് ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

2020 സെപ്റ്റംബര്‍ മുതല്‍ ഇയാള്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധ മൂലം കടുത്ത ന്യൂമോണിയ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹസ്ം മെബൈറീക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശ്വാസകോശ ധമനികളിലെ രക്തസമ്മര്‍ദ്ദം, കരളിന്റെ പ്രവര്‍ത്തനത്തിലെ തകരാറുകള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളുടെ ആരോഗ്യസ്ഥിതി വളരെയധികം മോശമാവുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളില്‍ പ്രവേശിപ്പിച്ച രോഗിയുടെ നില പിന്നീട് മെച്ചപ്പെട്ടു വന്നതായി എച്ച്.എം.ജി.എച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ഇഷാക്ക് വ്യക്തമാക്കി. സ്വയം കൈകാലുകള്‍ ചലിപ്പിക്കാനും ബോധപൂര്‍വ്വം മെഡിക്കല്‍ ടീമുമായി ആശയവിനിമയം നടത്താനും തുടങ്ങി.

കൊവിഡ് രോഗികള്‍ക്കായി ഡോ. മുഹമ്മദ് അല്‍-ഖത്തീബിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമുകള്‍ (ഫിസിഷ്യന്‍മാര്‍, നഴ്സുമാര്‍, സ്‌പെഷ്യലിസ്റ്റുകള്‍) നല്‍കുന്ന  ആരോഗ്യ സേവനങ്ങളുടെ മികച്ച ഉദാഹരണമാണ് ഈ രോഗിക്ക് രോഗമുക്തി ലഭിച്ചതെന്നും അല്‍ ഇഷാഖ് കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top