2021-06-08 03:34:59 pm IST
കൊച്ചി:  കൊച്ചി തുറമുഖത്തിന് സമീപത്തായി കടലിനുള്ളില്‍ നിന്നും പുതിയൊരു ദ്വീപ് ഉയര്‍ന്നി വരുന്നവെന്ന് റിപ്പോര്‍ട്ട്. എട്ട് കിലോമീറ്റര്‍ നീളം, മൂന്നര കിലോമീറ്റര്‍ വീതിയിലാണ് മണല്‍ത്തിട്ട രൂപപെട്ടത്. കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലിപ്പമാണുള്ളത്.  

2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തുരുത്ത് രൂപപ്പെട്ട് വരുന്നത്  മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സാധാരണഗതിയില്‍ ഇത്തരത്തില്‍ മണല്‍ത്തിട്ട ഉണ്ടായാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അവ താണില്ലാതായി പോകാറുള്ളതാണ്. എന്നാല്‍ കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള മണല്‍ത്തുരുത്ത് 21 അടി താഴ്ചയിലേക്ക് വരെ ഉയര്‍ന്ന് വന്നതോടെയാണ്  ഇവയെ വിദഗ്ധര്‍ പഠന വിധേയമാക്കി എടുത്തത്. 

തിട്ടയില്‍ അടിഞ്ഞു കൂടിയ മണലിന്റെ സാംപിളെടുത്ത് പരിശോധിച്ച് പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണല്‍ നിക്ഷേപം ദ്വീപായി രൂപാന്തരപ്പെടുന്നതിന്റെ സാധ്യതകള്‍ പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് ഫിഷറീസ് വകുപ്പിന് സമര്‍പ്പിക്കും.

ഒപ്പം മണല്‍ നിക്ഷേപത്തിന്റെ വ്യാവസായിക സാധ്യതകളുള്‍പ്പെടെ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. അതേസമയം ചെല്ലാനത്ത് നിന്നൂര്‍ന്ന് പോയ മണ്ണാണിങ്ങനെ അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. ആ മണ്ണ് തിരികെ തങ്ങളുടെ കരയിലിട്ട് കടലേറ്റം തടയണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top