News Desk

2021-03-31 06:28:15 pm IST
ബീജിംഗ്: രണ്ടു വയസുകാരിയായ മകളെയും കൊണ്ട് ഫുഡ് ഡെലിവറി നടത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയില്‍ നിന്നാണ് ആരുടെയും കരളലിയിപ്പിക്കുന്ന ഈ കാഴ്ച.

എല്ലാ ദിവസവും തന്റെ സ്‌കൂട്ടറിലെ ബോക്‌സില്‍ മകളേയും ഇരുത്തിയാണ് നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ ലീ യുന്യാന്‍ എന്ന യുവാവ് ജോലിക്ക് പോകുന്നത്. സൗത്ത് ചൈനയിലെ മോണിങ് പോസ്റ്റാണ് ലീയുടെ വീഡിയോ പങ്കുവെച്ചത്. 

ആറുമാസം പ്രായം മുതലാണ് രണ്ടു വയസുകാരിയായ മകള്‍ ഫിയാര്‍ പിതാവിനൊപ്പം ഫുഡ് ഡെലിവറി ബോക്‌സിനകത്ത് യാത്ര ചെയ്യുന്നത്. ഫിയാറിന്റെ  യാത്ര സുഖകരമാക്കാന്‍ ഡെലിവറി ബോക്‌സില്‍ കിടക്കയും ഡയപറും ഫീഡിങ് ബോട്ടിലും എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്.

വളരെ സന്തോഷത്തോടെയാണ് ഫിയാറിന്റെ യാത്ര. അവളുടെ ചിരി തന്നില്‍ ഊര്‍ജം നിറക്കുന്നുവെന്ന് ലീ പറയുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ 11 വരെയാണ് ലീ ഫിയാറിനൊത്ത് ജോലി ചെയ്യുക. 

ഉച്ചയൂണിന് മുന്‍പ് ലീ ഫിയാറിനെ അവളുടെ അമ്മക്ക് കൈമാറും. വെറ്റ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മാതാവിന് 11 മണി വരെയാണ് ഷിഫ്റ്റ്. അതിനുശേഷം അമ്മയോടൊപ്പമാണ് ഫിയാര്‍.

ഫിയാറിന് അഞ്ചു മാസം പ്രായമുള്ളപ്പോള്‍ അവള്‍ക്ക് ന്യൂമോണിയ പിടിപെടുകയും കുഞ്ഞിനെ ചികിത്സിക്കാന്‍ സമ്പാദ്യമെല്ലാം ചെലവായതോടെയുമാണ് ലീയും ഭാര്യയും ജോലിക്കായി ഇറങ്ങിയത്. 

2019 മുതല്‍ മകളോടൊപ്പമാണ് ജോലി ചെയ്യുന്നത്. അത്ര സുഖമുള്ള കാര്യമല്ല ഇത്. ശരിക്കും സങ്കടകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ സന്തോഷമുള്ളതും. എന്തുതന്നെയായാലും അവള്‍ക്ക് നല്ല ഭാവി ഉണ്ടാവുക എന്നതാണ് സ്വപ്‌നമെന്ന് ലീ പറയുന്നു.

ഭക്ഷണം കൊടുക്കുമ്പോള്‍ ആദ്യം മകളെ കൂടെ കൊണ്ടുപോകാന്‍ ലീ മടിച്ചിരുന്നു. പലരും ചോദ്യങ്ങള്‍ ചോദിക്കുന്നതും മകളെ കാഴ്ചവസ്തുവിനെ പോലെ ഉറ്റുനോക്കുന്നതും ഒന്നും ലീക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ വളരെ സ്‌നേഹത്തോടെയാണ് ആളുകള്‍ ഫിയാറിനോട് പെരുമാറിയത്. ആളുകളുടെ പെരുമാറ്റം തന്റെ അനിഷ്ടങ്ങള്‍ മാറ്റിയെന്നും ലീ പറയുന്നു.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top