ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ സ്വദേശി ബിന്ദുവിനെ പാലക്കാട് നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.
തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആദ്യം ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ പാസ്പോര്‍ട്ട് അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടയ്ക്കിടെ നാട്ടില്‍വന്നിരുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബൈയിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19-ന് നാട്ടില്‍ തിരിച്ചെത്തിയതായും പൊലീസ് പറഞ്ഞു. ഇതാണ് യുവതി സ്വര്‍ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചിരുന്നുവെന്ന സംശയം ബലപ്പെടാന്‍ കാരണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക