News Desk

2021-05-18 05:40:45 pm IST

ദുബൈ: യു.എ.ഇയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. 500-ഓളം മലയാളി നഴ്‌സുമാരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് തട്ടിപ്പിന് പിന്നില്‍. 

2.5 ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഒരാളില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ബി.എസ്‌സി നഴ്‌സിങും ജനറല്‍ നഴ്‌സിങും കഴിഞ്ഞവരാണ് ഇവരെല്ലാം. കലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തികുന്ന 'ടേക് ഓഫ്' എന്ന സ്ഥാപനമാണ് റിക്രൂട്ട്‌മെന്റ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവികള്‍ക്കുമാണ് ഇ-മെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്.

കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് യു.എ.ഇയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ ഒഴിവുണ്ടെന്നും ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ദുബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ എന്ന വ്യാജേന ചില സ്ത്രീകളെ ഉപയോഗിച്ച് വിളിപ്പിക്കുകയും ചെയ്തു. 

വിസിറ്റിങ് വിസയില്‍ യു.എ.ഇയിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന വിവരം അറിയുന്നത്. ദുബൈ ദേര അല്‍ റിഗയിലെ വിവിധ കെട്ടിടങ്ങളിലെ കുടുസ്സുമുറിയിലാണ് ഇവരെയെല്ലാം താമസിപ്പിച്ചിരിക്കുന്നത്. 

ചിലര്‍ സ്വന്തം നിലയില്‍ അന്വേഷിച്ച് ജോലിക്ക് കയറി. ചിലര്‍ നാട്ടിലേക്ക് മടങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ 3000 ദിര്‍ഹം നല്‍കാമന്നു പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഏജന്‍സിയുടെ കൈയിലാണ്. ഹോം കെയറിലോ മസാജ് സെന്ററിലോ ജോലി നല്‍കാമെന്നാണ് ഏജന്‍സി ഇപ്പോള്‍ പറയുന്നത്. 

ഫിറോസ് ഖാന്‍ എന്നയാളാണ് ഏജന്‍സിയുടെ ഉടമ. ഇയാളുടെ നാല് മൊബൈല്‍ നമ്പറുകളും ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. സത്താര്‍, സെയ്ദ്, ജോഷി തോമസ്, ചാള്‍സ് എന്നിവരും സംഘത്തിലുണ്ട്. നിലവില്‍ ദുബൈയിലുള്ള ജോഷി തോമസിനെ മുമ്പ് സമാന കേസില്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top