News Desk

2021-05-09 12:18:17 pm IST

ജറുസലം: ജറുസലേമില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ രണ്ടാം ദിവസവും നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. റമദാനിലെ 27-ാം രാത്രിയായ ഇന്നലെ മാത്രം മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയ 90 ഫലസ്തീനികള്‍ക്ക് ഇസ്രായേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. 

മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറുസലേം പഴയ പട്ടണം ഉപരോധിച്ച് പൊലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ സുരക്ഷാസേന ജല പീരങ്കിയും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. 

90 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഒരു ഓഫീസര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ പൊലീസും അറിയിച്ചു. കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്‌സയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 200-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

കിഴക്കന്‍ ജറൂസലം സമ്പൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാക്കിയത്. മസ്ജിദിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്താണ് കൂട്ട കുടിയിറക്കല്‍. ഇവിടെയുള്ള താമസക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഫലസ്തീനികള്‍ വ്യാപകമായി സംഘടിച്ചിരുന്നു.

ഇസ്രയേലില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് നഗരത്തില്‍ താമസസൗകര്യം ഒരുക്കാനായി ഫലസ്തീനി കുടുംബങ്ങളോട് നഗരം വിടാന്‍ ഇസ്രായേല്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

റംസാന്‍ ദിനത്തില്‍ സംഘര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ യു.എസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബലം പ്രയോഗിച്ച് പലസ്തീന്‍ വിഭാഗക്കാരെ സ്ഥലത്തു നിന്നു നീക്കുന്നത് കുറ്റകരമായി കാണേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top