News Desk

2021-02-14 04:58:45 pm IST
അബുദാബി: ആഗോള പ്രതിഭകള്‍ക്കു നിരവധി അവസരങ്ങളൊരുക്കി വിസ-ത്രൈവ് ഇന്‍ അബുദാബി. അഞ്ചും പത്തും വര്‍ഷത്തെ ദീര്‍ഘകാല വിസ നേടാനുള്ള അവസരമാണീ പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രഫഷനല്‍സ്, മിടുക്കരായ വിദ്യാര്‍ഥികള്‍, നിക്ഷേപകര്‍ എന്നിവര്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നതാണ് ഈ പദ്ധതി. അതിവിദഗ്ധര്‍ക്കും നൂതന കണ്ടുപിടിത്തം നടത്തുന്നവര്‍ക്കും പൗരത്വം നല്‍കാനും പദ്ധതിയുണ്ട്.

കലാസാംസ്‌കാരിക, ആരോഗ്യ, നിക്ഷേപ മേഖലകളില്‍ അബുദാബിയെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സാമ്പത്തിക സേവനം, ആരോഗ്യം, ബയോഫാര്‍മ, കൃഷി, ടൂറിസം, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ മികവുപുലര്‍ത്തുന്ന സംരംഭകരെയും നിക്ഷേപകരെയും പരിഗണിക്കും. ഇരട്ട പൗരത്വവും ആലോചനയുണ്ട്.

കലാസാംസ്‌കാരിക, ശാസ്ത്ര മേഖലകളില്‍ മികവു പുലര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെയും അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വ്യത്യസ്ത മേഖലകളില്‍ ബിരുദമെടുത്തവര്‍ക്കു പത്ത് വര്‍ഷത്തെയും വിസ നല്‍കും. കുറഞ്ഞത് 3.8 പോയിന്റ് ജി.പി.എ ഉള്ള ബിരുദ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക. ഇതിനു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം വേണം. ഇങ്ങനെ എത്തുന്ന വിദ്യാര്‍ഥികള്‍ക്കു ആശ്രിത വിസയില്‍ കുടുംബത്തെ കൊണ്ടുവരാനും അനുമതിയുണ്ട്.

ഇന്‍വെസ്റ്റര്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റര്‍ എന്നീ രണ്ട് ഇനങ്ങളിലായാണ് നിക്ഷേപകര്‍ക്കുള്ള വിസ ലഭിക്കുക. കുറഞ്ഞത് 20 ലക്ഷം ദിര്‍ഹം മൂലധനമുള്ള സ്വന്തം ബിസിനസോ തുല്യ തുക വീതമുള്ള പങ്കാളിത്ത ബിസിനസോ ഉള്ളവര്‍ക്കും അബുദാബിയിലെ ബാങ്കില്‍ 20 ലക്ഷം ദിര്‍ഹം നിക്ഷേപം ഉള്ളവര്‍ക്കും വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടര ലക്ഷം ദിര്‍ഹം സര്‍ക്കാര്‍ നികുതി അടയ്ക്കുന്നവര്‍ക്കും വിസ ലഭിക്കും. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ക്കാണു അഞ്ച് വര്‍ഷത്തെ വിസ നല്‍കുക. 20 ലക്ഷം ദിര്‍ഹത്തിന്റെ വസ്തു ഉള്ളവര്‍, വായ്പയെടുത്ത വസ്തുവാണെങ്കില്‍ കുറഞ്ഞത് 20 ലക്ഷം ദിര്‍ഹമെങ്കിലും മുന്‍കൂറായി അടച്ചവര്‍, അഞ്ച് ലക്ഷം ദിര്‍ഹം മൂലധനമുള്ള സ്വയം സംരംഭകര്‍ എന്നിവര്‍ക്കും വിസ ലഭിക്കും.

അബുദാബി ആരോഗ്യവിഭാഗത്തിന്റെ ലൈസന്‍സും 10 വര്‍ഷത്തെ തൊഴില്‍ പരിചയവുമുള്ള കള്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യന്‍, അഞ്ച് ശതമാനം കൂടുതല്‍ പേര്‍ സേവനരംഗത്തില്ലാത്ത അപൂര്‍വ മേഖലകളിലെ ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ അവാര്‍ഡ് ലഭിച്ചവര്‍, ഗവേഷണ വിഭാഗം അംഗങ്ങള്‍, രാജ്യാന്തര ശാസ്ത്ര ജേണലുകളില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധികരിച്ചവര്‍, രാജ്യാന്തര ആരോഗ്യവിദ്യാഭ്യാസ പദ്ധതികളിലെ അംഗങ്ങള്‍.

എമിറേറ്റ്‌സ് സയന്റിസ്റ്റ്‌സ് കൗണ്‍സിലോ മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സന്റിഫിക് ഡിസ്റ്റിങ്ഗ്വിഷ്‌മെന്റോ നാമനിര്‍ദേശം ചെയ്യുന്ന ശാസ്ത്രജ്ഞര്‍ക്കും  അബുദാബിയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്യുന്ന കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും 10 വര്‍ഷത്തെ വിസ നല്‍കും. അബുദാബിയുടെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമായ പേറ്റന്റ് ഉള്ളവര്‍ക്കും സാമ്പത്തിക വിഭാഗത്തിന്റെ ശുപാര്‍ശയോടെ വിസ ലഭിക്കും. അപൂര്‍വ മേഖലകളില്‍ മികവു പുലര്‍ത്തുന്നവരും രാജ്യാന്തര സമിതികളില്‍ അംഗത്വവുമുള്ള വിദ്യാഭ്യാസ, കായിക മേഖലകലെ വിദഗ്ധര്‍ക്കും  സ്‌പോര്‍ട്‌സ് മെഡിസിനില്‍ പി.എച്ച്.ഡി ഉള്ളവര്‍ക്കും വിസ ലഭിക്കും.
     
എപിഡെമിയോളജി, വൈറോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡേറ്റ, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക് എന്‍ജിനീയറിങ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക് എന്‍ജിനീയറിങ്, ജനറ്റിക് എന്‍ജിനീയറിങ്, ബയോടെക്‌നോളജി എന്‍ജിനീയറിങ് എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദ, ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും വിസ ലഭിക്കും. ബാച്ചിലര്‍ ബിരുദവും അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയവും അബുദാബിയില്‍ കുറഞ്ഞത് 50,000 ദിര്‍ഹം ശമ്പളവും വാങ്ങുന്നവര്‍ക്കും ദീര്‍ഘകാല വിസ നല്‍കും.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top