News Desk

2021-03-09 06:47:37 pm IST
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പി.സി.ആര്‍ പരിശോധനയായിരിക്കും നടത്തുന്നത്. ലോകത്തിലെത്തനെ ഏറ്റവും വേഗതയില്‍ ഫലം ലഭ്യമാവുന്ന പരിശോധനാ സംവിധാനമാണിതെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

വിമാനത്താവളത്തില്‍ തന്നെ സജ്ജീകരിച്ച പ്രത്യേക ലബോറട്ടറിയില്‍ പ്രതിദിനം 20,000 പേരുടെ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.  യാത്ര, ക്വാറന്റൈന്‍ എന്നിവ സംബന്ധിച്ച നടപടികളും ഇവിടെ നിന്ന് പൂര്‍ത്തീകരിക്കും. നിലവില്‍ അബുദാബിയിലെത്തുന്ന എല്ലാവരും പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയാല്‍ മാത്രമേ ചെക്ക് ഇന്‍ അനുവദിക്കൂ. ഇതിന് പുറമെ അബുദാബിയില്‍ എത്തിയ ശേഷം രണ്ടാമൊതൊരു പി.സി.ആര്‍ പരിശോധന കൂടി നടത്തണം.

വിമാനത്താവളത്തിലെ ഒന്ന്, മൂന്ന് ടെര്‍മിനലുകള്‍ വഴി വരുന്നവരെ പുതിയ സംവിധാനത്തിലൂടെ പരിശോധനക്ക് വിധേയമാക്കും. ഇതിന്റെ റിസള്‍ട്ട് എസ്.എം.എസ്, വാട്‌സ്ആപ് എന്നിവ വഴിയും അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ് വഴിയും ലഭ്യമാക്കും. 4000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പരിശോധനാ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും. 190 ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്ന യാത്രക്കാര്‍ അബുദാബി അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള 'ഗ്രീന്‍ രാജ്യങ്ങളില്‍' നിന്ന് എത്തിയവരാണെങ്കില്‍ പിന്നീട് ക്വാറന്റൈന്‍ ആവശ്യമില്ല. മറ്റുള്ളവരെല്ലാം 10 ദിവസം പിന്നീട് ക്വാറന്റൈനില്‍ കഴിയണം. വിമാനത്താവളത്തിലെ പി.സി.ആര്‍ പരിശോധനാ കേന്ദ്രത്തില്‍ നിന്നുതന്നെ ഇവര്‍ക്ക് റിസ്റ്റ് ബാന്റ് ഘടിപ്പിച്ച് നല്‍കും.

അതേസമയം, രാജ്യത്ത് ഇന്ന് 2,373 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചതായും 1,784 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ രോഗികള്‍ 4,15,705 ആയി. രോഗമുക്തി നേടിയവര്‍ 3,96,433. ആകെ മരണം1,345. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍17,927. പുതുതായി  219,593 പേര്‍ക്കു കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32.6 ദശലക്ഷമായി. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top