News Desk

2021-02-04 04:16:16 pm IST
പ്രസ് ഫോര്‍ ന്യൂസ് ലേഖിക

ദോഹ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വിജയി താനല്ലെന്ന് അറിയിച്ച് ഖത്തര്‍ പ്രവാസിയായ മലയാളി വനിത. ഫേസ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കണ്ണൂര്‍, കുറുവ സ്വദേശിയായ തസ്‌ലീന പുതിയപുരയില്‍ രംഗത്തെത്തിയത്.

ഇന്നലെ രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഖത്തറിലുള്ള തസ്‌ലീന പുതിയപുരയില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം ( 30 കോടി ഇന്ത്യന്‍ രൂപ) നേടിയതായി പ്രഖ്യാപനമുണ്ടായത്.

എന്നാല്‍ സമ്മാനം നേടിയ തസ്‌ലീന താനല്ലെന്നാണ് ദോഹയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന തസ്‌ലീന പുതിയപുരയില്‍ വ്യക്തമാക്കിയത്. പ്രസ് ഫോര്‍ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് ഖത്തറില്‍ ബേക്കറി ആന്ഡ് റസ്റ്റോറന്റുകള്‍ നടത്തുന്ന അബ്ദുല്‍ ഖദ്ദാഫിയുടെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ തസ്‌ലീന പുതിയപുരയില്‍ എന്ന പേരുള്ള മറ്റൊരാള്‍ക്കെന്നാണ് ദോഹയില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ താനല്ലെന്നാണ് ദോഹയിലുള്ള തസ്‌ലീന വ്യക്തമാക്കുന്നത്. ബിഗ് ടിക്കറ്റ് വിജയ വിവരം വാര്‍ത്തയായതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ താനാണ് വിജയിയെന്ന് തെറ്റിദ്ദരിച്ച് തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം മെസേജുകള്‍ അയച്ച് സഹായം അഭ്യര്‍ത്ഥിച്ചതായും നിരവധി പേര്‍ ഫോണ്‍ നമ്പറില്‍ വിളിച്ചതായും തസ്‌ലീന പറയുന്നു.

യഥാര്‍ത്ഥ തസ്‌ലീന താനല്ലെന്ന് നിരവധി പേരോട് വ്യക്തമാക്കിയതായും എന്നാല്‍ ആളുകള്‍ തെറ്റിദ്ദരിച്ച് വീണ്ടും നിരവധി മസേജുകള്‍ അയക്കുന്നതായും അവര്‍ പറഞ്ഞു. തനിക്ക് ഇതു മൂലം മാനസിക ബുദ്ധിമുട്ടുണ്ടായതായും അവര്‍ പ്രസ് ഫോര്‍ ന്യൂസിനോട് പറഞ്ഞു.

തസ്‌ലീനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പ്രിയ സുഹൃത്തുക്കളെ...

എന്റെ പേര് Thasleena Puthiya Purayil ഞാനിപ്പോള്‍ ദോഹയിലാണ്. കണ്ണൂരുകാരിയാണ്...
ആദ്യം തന്നെ പറയട്ടെ ABUDHABI BIG TICKET winner ഞാനല്ല...
Thasleena puthiya purayil, Doha ,കണ്ണൂര്‍ എന്നൊക്കെ കണ്ടിട്ട് ഒരുപാട് പേര് മെസ്സേജ് അയച്ചു...
ഇത്രയേറെ കുടുംബക്കാരും സുഹൃത്തുക്കളും എനിക്കുണ്ടെന്ന ആ വലിയ സത്യം ഞാന്‍ ഇന്നലെയാണ് മനസ്സിലാക്കിയത് ... അങ്ങോട്ട് മെസ്സേജ് ചെയ്താലും റിപ്ലൈ തരാത്ത ആളുകള്‍ പോലും ഇന്നലെ എന്നെ തേടി എത്തി...
എന്തായാലും വളരെ സന്തോഷം...
എനിക്കാണ് എന്നറിഞ്ഞു പിരി പോയി ഇന്നലെ ഉറങ്ങാതിരുന്നവര്‍ക്കും(സന്തോഷത്തിന്റെ പേരിലും സങ്കടത്തിന്റെ പേരിലും) പെരുത്തു നന്ദി ....
എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ,എന്തേലുമൊക്കെ മെസ്സേജ് അയച്ചു തുടങ്ങണമല്ലോന്ന് ഓര്‍ത്തു സുഖമാണോന്ന് ചോദിച്ചവരോട്... എനിക്കിവിടെ പരമസുഖം  

ഇനി കാര്യത്തിലേക്ക് കടക്കാം....
ഒരുപക്ഷെ win ചെയ്തയാളിന് ഇത്രേം പ്രോബ്ലെംസ് ഉണ്ടായിക്കാണില്ല...അത്രേം മെസ്സേജുകള്‍ എനിക്ക് ഇന്നലെയും ഇന്നുമായി കിട്ടി...
ഫേസ്ബുക്കില്‍ എണ്ണിയാല്‍ തീരാത്ത അത്രേം ആളുകള്‍ സഹായാഭ്യര്ഥനയുമായും അഭിനന്ദനം അറിയിച്ചും വന്നിട്ടുണ്ട്... 
ബുദ്ധിമുട്ട് ഉള്ളോണ്ടായിരിക്കും ചോദിക്കേണ്ടി വന്നത്, but ചില മെസ്സേജ് കാണുമ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട്..
പല പ്രതീക്ഷയും വച്ചായിരിക്കും ഓരോരുത്തരും മെസ്സേജ് അയക്കുന്നുണ്ടാവുക. മകളുടെ കല്യാണം , വീടുപണി, കടബാധ്യത, ടിക്കറ്റ് എടുത്തിട്ട് കിട്ടാത്തവര്‍ അങ്ങനെ അങ്ങനെ കുറെ പേര്‍.....അത് കൊണ്ട് തന്നെ ഭൂരിഭാഗം ആള്‍ക്കാരുടെയും read ചെയ്തില്ല ഞാന്‍.Bank ഉകളില്‍ നിന്ന് പോലും വന്നു. 
പക്ഷെ മെസ്സേജ് അയക്കും മുന്നേ ആള്‍ അത് തന്നെയാണോന്ന് നോക്കി വ്യക്തമായ ശേഷം അയക്കാന്‍ ശ്രമിക്കുക ....
ഞാനും ഒരു സാധാരണക്കാരിയാണ്. മറ്റുള്ളവരുടെ സങ്കടങ്ങളും പ്രയാസങ്ങളും കാണുമ്പോള്‍ എനിക്കും വല്ലാത്ത സങ്കടം ഉണ്ട് .
എല്ലാവരുടെയും പ്രയാസങ്ങളും ദുഖങ്ങളും സര്‍വശക്തന്‍ മാറ്റി തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...
എല്ലാവരും ആളെ നോക്കി അയക്കണം എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. 
details ഒക്കെ ശെരിതന്ന..... നാടും വീടും പേരും ഇപ്പൊ ഉള്ള സ്ഥലവും ഒക്കെയും.... പക്ഷെ ഞാനല്ല 
'നിനക്ക് കിട്ടിയിരുന്നെങ്കില്‍ ഞങ്ങളും രക്ഷപ്പെട്ടേനെ' എന്ന പലരുടെയും വാക്കിനും സ്‌നേഹത്തിനും മുന്നില്‍ സന്തോഷം ഉള്ളതായി അറിയിച്ചു കൊണ്ട് നിര്‍ത്തുന്നു...

എന്ന് സസ്‌നേഹം 
തസ്ലീന പുതിയ പുരയില്‍ കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top