News Desk

2021-09-14 07:50:25 pm IST

അബുദാബി: റോഡപകടങ്ങളുണ്ടാവുന്ന സ്ഥലത്ത് പൊതുജനങ്ങള്‍ കൂട്ടം കൂടുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. പൊതുജനങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ അപകടസ്ഥലത്തേക്കെത്തുന്ന ട്രാഫിക് പട്രോളിംഗ്, ആംബുലന്‍സുകള്‍ തുടങ്ങിയ അടിയന്തിര വാഹനങ്ങളുടെ വരവിനെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

അവശ്യ സര്‍വീസ് വാഹനങ്ങളുടെ വഴി തടസപ്പെടുത്തുന്ന തരത്തില്‍ കൂട്ടം കൂടുന്നത് 1000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. അപകടങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ആര്‍ക്കും തടവും പിഴയും ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

അപകടമുണ്ടായ ഉടന്‍ പരിസരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ആളുകള്‍ കൂടി നില്‍ക്കുകയും ചെയ്യുന്നതുവഴി പൊലീസിനും ആംബുലന്‍സിനും സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് പരിഗണിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ്.

അപകട സ്ഥലത്തുനിന്നുള്ള ഒരു വീഡിയോ ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത്. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായ ഉടന്‍ ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം അപകട സ്ഥലത്തേക്ക് ഓടി വരുന്നതും അപകടം നടന്നത് മൊബൈലില്‍ ചിത്രീകരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കുന്നതിന് പുറമെ പൊലീസ് വാഹനത്തിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. 

പരിക്കേല്‍ക്കുന്നവര്‍ക്ക് എത്രയും വേഗം മാനുഷികമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും അത്യാവശ്യ സര്‍വീസുകളായ പൊലീസ്, ആംബുലന്‍സ് എന്നിവയുടെ വഴി തടസപ്പെടുത്തുന്ന പ്രവണതകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top