ദോഹ: ഖത്തറിലേക്കുള്ള പ്രവേശന നിയന്ത്രണത്തില്‍ രാജ്യത്തെ ഭരണകൂടം യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് ഖത്തര്‍ എയര്‍വെയ്സ്. ട്വീറ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
ഡിസ്കവര് ഖത്തറിന്റേതെന്ന പേരില്‍ വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെറ്റായ വിവരങ്ങളാണ് ഇവയെന്നും ഖത്തര്‍ പൗരന്മാര്ക്ക് മാത്രമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഖത്തര്‍ എയര്‍വെയ്സ് ട്വീറ്റില്‍ വ്യക്തമാക്കി.
ശരിയായ ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുക. ഖത്തറിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അപകടസാധ്യത കുറവുള്ള രാജ്യങ്ങളുടെ വിശദാംശങ്ങള്‍, ക്വാറന്റൈന് നടപടികള്‍ എന്നിവയ്ക്കായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റോ അല്ലെങ്കില്‍ ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റോ സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വെയ്സ് അറിയിപ്പില്‍ പറയുന്നു.
ഖത്തറിലേക്കുള്ള വിനോദ സഞ്ചാരം, പഠനയാത്രകള്‍, ഹോട്ടലുകള്‍ എന്നിവയുടെ ബുക്കിങ് മെയ് 31 വരെ നിര്‍ത്തിവച്ചതായി ഡിസ്കവര് ഖത്തര്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടിയെന്നും ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു.
അതേസമയം, ക്വാറന്റൈന് ബുക്കിങ് സംവിധാനം നിലവിലുള്ളതു പോലെ തുടരുമെന്ന് ഡിസ്കവര് ഖത്തര്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചു. യാത്രാ നിയന്ത്രണം നീട്ടുകയാണെങ്കില്‍ വിനോദ ബുക്കിങുകള്‍ റദ്ദാക്കുകയും പണം റീഫണ്ട് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.