News Desk

2021-04-05 07:19:02 pm IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകള്‍ പറയാന്‍ പ്രതി സന്ദീപ് നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്. ഇതിന് ഇ.ഡി കൃത്രിമ തെളിവുണ്ടാക്കിയതായി സന്ദീപ് മൊഴി നല്‍കിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

എന്‍ഫോഴ്‌സ്‌മെന്റിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി നല്‍കിയ അപേക്ഷയിലാണ് ഇ.ഡിക്കെതിരെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. 

സ്വര്‍ണക്കടത്തുമായി ബന്ധമില്ലാത്ത വ്യക്തികളെ മനപൂര്‍വ്വം ഇതിലേക്ക് വലിച്ചിഴക്കുന്നതിനായി ഇ.ഡി സമ്മര്‍ദ്ദം ചെലുത്തി. ഇതിനായി വ്യാജ തെളിവുകളടക്കം നിര്‍മിച്ചെന്നും ഇതില്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നായരുടെ മൊഴിയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടില്‍ ഇല്ല. പരാമര്‍ശങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

സന്ദീപിന്റേത് ഗൗരവമേറിയ മൊഴിയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

ക്രൈംബ്രാഞ്ചിനെതിരെ കോടതിയില്‍ ഇഡി നിലപാടെടുത്തെങ്കിലും സന്ദീപിന്റെ മൊഴി ഇ.ഡിക്ക് തിരിച്ചടിയാകും. രഹസ്യമൊഴിയിലും സന്ദീപ് നിലപാട് ആവര്‍ത്തിച്ചാല്‍ അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് നീക്കം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top