News Desk

2021-03-21 03:03:08 pm IST
മസ്‌കത്ത്: ഒമാനില്‍ രാത്രികാല നിയന്ത്രണം നിലവില്‍ വന്നതോടെ അധികൃതര്‍ കര്‍ശന പരിശോധനകളാണ് നടത്തി വരുന്നത്. ഇന്നലെ നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ ഒമ്പത് റെസ്റ്റോറന്റുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഖുറം, അല്‍ ഖുവൈര്‍ മേഖലകളിലെ റെസ്റ്റോറന്റുകള്‍ക്കെതിരെയാണ് മസ്‌കത്ത് നഗരസഭ നടപടി സ്വീകരിച്ചത്. ടൈംസ് ഓഫ് ഒമാനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാത്രി നിയന്ത്രണം തുടങ്ങുന്ന എട്ടു മണിക്ക് ശേഷം റെസ്റ്റോറന്റിനകത്ത് ആളുകളെ ഇരുത്തിയതിനാണ് നടപടി. 

അതേസമയം, നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. രാത്രി എട്ടുമണിക്ക് ശേഷം ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. 

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി അടച്ചിടല്‍ ബാധകമാക്കിയത്. ഈ തീരുമാനം ഇളവുകളോടെ ഏപ്രില്‍ മൂന്നു വരെ നീട്ടിയിരുന്നു. രാത്രി അടച്ചിടല്‍ നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 300 റിയാല്‍ പിഴ ചുമത്തുമെന്ന് മസ്‌കത്ത് നഗരസഭ നേരത്തെ അറിയിച്ചിരുന്നു. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 1,000 റിയാലായി ഉയരും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top