News Desk

2021-05-25 12:29:58 pm IST
കവരത്തി: ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ ന്യായീകരിച്ച് ദ്വീപിലെ ബി.ജെ.പിയും രംഗത്തെത്തി. അഡ്മിനിസ്‌ട്രേറ്ററുടെ ചില ഭേദഗതികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി  ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്നാണ് കത്തിലെ ആവശ്യം.

അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയെന്നും ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുമായി അഡ്മിനിസ്‌ട്രേറ്റര്‍ സഹകരിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ബി.ജെ.പി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്‌കാരങ്ങള്‍ വേണമെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷകര്‍ക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങള്‍ നിര്‍ത്തി. വിവിധ പദ്ധതികള്‍ നിര്‍ത്തലാക്കി. 500 താല്‍ക്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചു വിട്ടു.15 സ്‌കൂളുകള്‍ അടച്ചു പൂട്ടി. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും മുഹമ്മദ് കാസിം പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാര നടപടികള്‍ക്കെതിരെ ദ്വീപിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. 

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 200 ഹൈസ്‌ക്കൂള്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരെ പ്രതികരിച്ച കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൌണ്ട് മരവിപ്പിച്ചു. ദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിയെ വിലക്കി, ഗുണ്ടാ നിയമം നടപ്പാക്കി, വിദ്യാര്‍ത്ഥികളുടെ ഭക്ഷണ മെനുവില്‍ നിന്ന് മാംസം ഒഴിവാക്കി, ഡയറി ഫാമുകള്‍ പൂട്ടി. 

തീരസംരക്ഷണ നിയമത്തിന്റെ പേര് പറഞ്ഞ് കടല്‍തീരത്തെ മീന്‍പിടുത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെ പിരിച്ച് വിട്ട് ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു തുടങ്ങി നിരവധി ജനദ്രോഹ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷദ്വീപില്‍ നടക്കുന്നത്.

അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കര്‍ ഡയറിഫാമുകള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ അമൂല്‍ ഔട്ട്‌ലെറ്റിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞു. കൂടാതെ അഡ്മിനിസ്‌ട്രേറ്ററുടെ മൊബൈലില്‍ സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top