News Desk

2021-02-07 08:35:48 pm IST
ലോകം മൊത്തം ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇതിനിടെ ജനിതകമാറ്റം വന്ന വൈറസുകള്‍ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരോഗ്യമേഖല വീണ്ടും പുതിയ പ്രതിസന്ധികളെ തരണം ചെയ്യേണ്ട സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. 

എങ്ങനെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൊവിഡ് രോഗം പകരുന്നത് എന്നും എങ്ങനെയാണ് രോഗവ്യാപനം പ്രതിരോധിക്കേണ്ടത് എന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനെ കുറിച്ചെല്ലാം നിരവധി പഠനങ്ങളാണ് ഇതിനോടകം തന്നെ പുറത്ത് ഇറങ്ങിയിരിക്കുന്നത്. 

ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരാണ് ഏറ്റവുമധികം കൊവിഡ് വ്യാപനം നടത്തുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 20 മുതല്‍ 49 വയസ് വരെ പ്രായം വരുന്നവരെയാണ് പഠനം പട്ടികപ്പെടുത്തിയിരിക്കുന്നത്. 

യു.എസില്‍ നിന്നുള്ള ഒരു കോടി ആളുകളില്‍ നിന്നായി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. നൂറില്‍ 65 കൊവിഡ് കേസുകളും ഈ പ്രായപരിധിയിലുള്‍പ്പെട്ടവരില്‍ നിന്ന് പകര്‍ന്നവരായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കുട്ടികള്‍ കൗമാരക്കാര്‍ എന്നിവരില്‍ നിന്ന് കാര്യമായ രോഗവ്യാപനം ഉണ്ടാകുന്നില്ലെന്നും പഠനം വ്യക്തമാക്കി. അതുപോലെ പ്രായമായവരിലേക്ക് കൊവിഡ് പെട്ടെന്ന് കടന്നുകൂടുമെങ്കിലും അവരില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത നേരത്തേ സൂചിപ്പിച്ച പ്രായപരിധിയിലുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കുമത്രേ. 

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പും, ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നുമാണ് അധികവും വ്യാപനം ഉണ്ടാകുന്നതെന്നും പഠനം പറയുന്നു. മുമ്പ് യുഎസ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകസംഘവും സമാനമായ നിരീക്ഷണങ്ങള്‍ തന്നെ പഠനറിപ്പോര്‍ട്ടായി പുറത്തുവിട്ടിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top