News Desk

2021-06-24 12:00:43 pm IST

ദോഹ: ഖത്തറില്‍ ദോഹ വിമാനത്താവളത്തില്‍ ബാഗേജ് പരിശോധനയ്ക്ക് പുതിയ സ്‌കാനിങ് സംവിധാനം. ദ്രാവകവസ്തുക്കളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗുകളില്‍നിന്ന് പുറത്തെടുക്കാതെ തന്നെ പരിശോധന പൂര്‍ത്തിയാക്കാന്‍ ഉപകരിക്കുന്ന നൂതനമായ സ്‌കാനിങ് മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്.

ബാഗേജ് പരിശോധന കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനൊപ്പം സ്‌കാനിങ് പ്രക്രിയയുടെ വേഗത കൂട്ടുകയെന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ് സ്‌കാനര്‍ സ്ഥാപിച്ചത്. വിമാനത്താവളത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് സെക്യൂരിറ്റി പ്രോഗ്രാമിന്റെകൂടി ഭാഗമായാണ് സ്‌കാനര്‍ സ്ഥാപിച്ചത്.

സ്‌കാനിങ് പ്രക്രിയക്ക് നേരത്തേതിനെക്കാള്‍ വേഗത കൂടുമെന്നതും മറ്റൊരു പ്രത്യേകതയാണ്. പുതിയ സംവിധാനം വന്നതോടെ ഒറ്റ ട്രേയില്‍ ആറ് യാത്രക്കാരുടെ വസ്തുക്കള്‍ വരെ വെക്കാം. ഇതോടെ ചെക്കിങ് പോയിന്റിലെ യാത്രക്കാരുടെ ക്യൂ കുറയ്ക്കാനും കഴിയും. ഏതെങ്കിലും യാത്രക്കാരന് പരിശോധനയ്ക്കിടെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കകം അന്വേഷിച്ച് കണ്ടെത്താനുള്ള സംവിധാനവുമുണ്ട്.

യാത്രക്കാരുടെ ഉപയോഗത്തിന് മുമ്പ് ഓരോ ട്രേയും അണുവിമുക്തമാക്കുന്നതിന് യുവി-സി മൊഡ്യൂളുകളും സ്‌കാനറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ദോഹ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം വൈസ് പ്രസിഡന്റ് സഈദ് യൂസഫ് അല്‍ സുലൈത്തി പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം നേരിട്ടെത്തി വിലയിരുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top