News Desk

2020-02-15 04:17:47 pm IST
വാഷിംഗ്ടണ്‍: അമേരിക്കയും താലിബാനും തമ്മില്‍ ഉടമ്പടിയിലെത്തിയിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍. ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് ഏഴു ദിവസത്തേക്കുള്ള ഉടമ്പടിയാണിത്. 

പത്തു ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പായി വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാത്തതിനാലാണ് കൂടുതല്‍ വിശദീകരണം നല്‍കാത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.                                       
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ജര്‍മ്മനിയില്‍ നടക്കുന്ന മ്യൂണിച്ച് കോണ്‍ഫറന്‍സില്‍ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഉടമ്പടിയിലെത്തിയത്. 

അഫ്ഗാനിസ്ഥാനിലെ യു.എസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേനയുടെ കമാന്‍ഡറായ ജനറല്‍ സ്‌കോട്ട് മില്ലറും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കരാറിന് സമ്മതിച്ചിട്ടുണ്ട്. ഇത് അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിക്കാന്‍ ഇടയാക്കുമെന്നും യു.എസ് അധികൃതര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രത്യേക പ്രതിനിധി സല്‍മൈ ഖലീല്‍സാദും ഖത്തറിലെ താലിബാന്‍ പ്രതിനിധികളുമാണ് ഇക്കാര്യം പുറത്തുവിട്ടത്.    

അതേസമയം, അമേരിക്കന്‍ സേനയ്ക്കെതിരായ ആക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുമെന്ന് ട്രംപ് പ്രതിജ്ഞ ചെയ്തിരുന്നു.

Top