News Desk

2021-04-05 01:47:52 pm IST
ദോഹ: മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഉംറ യാത്രകള്‍ പുനരാരംഭിക്കാന്‍ ഖത്തറിലെ ട്രാവല്‍ ഏജന്‍സികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രമായ ഖത്തര്‍ ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ വിദേശ തീര്‍ത്ഥാടകര്‍ രാജ്യത്ത് പിന്തുടരേണ്ട താമസ സൗകര്യങ്ങളും മറ്റ് നടപടിക്രമങ്ങളും അറിയുന്നതിന് ദോഹ ആസ്ഥാനമായുള്ള ചില ട്രാവല്‍ ഏജന്‍സികള്‍ സൗദിയിലെ ഹോട്ടലുകളിലേക്കും റിസര്‍വേഷന്‍ ഓഫീസുകളിലേക്കും എത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയിലെത്തുമ്പോള്‍ വിദേശ തീര്‍ഥാടകരെ ക്വാറന്റൈന് വിധേയമാക്കുമോ, കൊവിഡ് പരിശോധനയ്ക്ക് പണം നല്‍കേണ്ടിവരുമോ എന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇനിയും സ്ഥിരീകരിക്കാത്തതിനാല്‍ തീര്‍ത്ഥാടനത്തിനുള്ള ചെലവ് നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദോഹയിലെ ഒരു ഏജന്റ് പ്രാദേശിക പത്രത്തോട് പറഞ്ഞു. 

അതേസമയം, ജി.സി.സിയില്‍ നിന്നുള്ള തീര്‍ഥാടകരെ സൗദിയില്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നതിന് സാധ്യതയുണ്ടെന്നും എന്നാല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉംറ തീര്‍ത്ഥാടനം നടത്തി മടങ്ങിയെത്തുമ്പോള്‍ ഖത്തറില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും സൗദി ഹജ്ജ് -ഉംറ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിരോധ -മുന്‍കരുതല്‍ പ്രവര്‍ത്തന ശേഷി 100 ശതമാനം ഉയര്‍ത്തിയതിന് ശേഷമാണ് വിദേശികള്‍ക്കും തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്.

500 ഗ്രൂപ്പുകളിലായി 10,000 തീര്‍ഥാടകര്‍ക്ക് ഓരോ ഗ്രൂപ്പിലും 20 പേര്‍ക്ക് ഓരോ ദിവസവും ഉംറ നടത്താന്‍ അവസരമുണ്ട്. 2017 ല്‍ സൗദി സഖ്യ രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഖത്തറില്‍ നിന്നും സൗദിയിലേക്കുള്ള തീര്‍ത്ഥാടന യാത്രകള്‍ നിലച്ചത്.

മൂന്നര വര്‍ഷം നീണ്ടു നിന്ന ഉപരോധ കാലത്ത് ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിശ്വാസികള്‍ക്ക് ഉറം നിര്‍വഹിക്കാനോ ഹജ്ജ് നടത്താനോ സാധിച്ചിരുന്നില്ല.

ഈ വര്‍ഷം ആദ്യം സൗദിയില്‍ നടന്ന അല്‍ ഉല കരാറില്‍ ഉപരോധ രാജ്യങ്ങള്‍ ഒപ്പുവെച്ച ശേഷം ഖത്തറുമായി ഈ രാജ്യങ്ങള്‍ അനുരഞ്ജനത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് നീണ്ടു നിന്ന എല്ലാ വിലക്കുകളും പിന്‍ വലിക്കുകയും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും പുനരാരംഭിക്കുകയും ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top