News Desk

2021-11-25 10:28:17 pm IST
ഗാന്ധി നഗര്‍: നോണ്‍ വെജ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ച നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹരജി. തെരുവുകച്ചവടക്കാരാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തെരുവില്‍ മാംസാഹാരങ്ങള്‍ വില്‍ക്കുന്നത് ആരുടെയും അവകാശങ്ങള്‍ ഹനിക്കില്ലെന്ന് ഹരജിയില്‍ കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ മാസം ആദ്യത്തിലാണ് ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വഡോദര, അഹ്മദാബാദ് നഗരസഭകള്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചത്. കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ നഗരസഭാ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു ചുവടുപിടിച്ച് ഗുജറാത്തിലെ തന്നെ രാജ്കോട്ട്, ഭാവ്നഗര്‍ നഗരസഭകളും നോണ്‍വെജ് തെരുവുകച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

എന്നാല്‍, ഒരു ന്യായവുമില്ലാതെയും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ഉന്തുവണ്ടികള്‍ പിടിച്ചെടുത്തതെന്ന് ഹരജിയില്‍ തെരുവുകച്ചവടക്കാര്‍ ചൂണ്ടിക്കാട്ടി. തെരുവില്‍ സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്നത് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നതല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ഉപജീവനാവകാശ പ്രകാരം രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കാത്ത എന്തും വില്‍ക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് തങ്ങളുടെ സാമ്പത്തികനിലയെ സാരമായി ബാധിച്ചിട്ടുണ്ട്. അനധികൃതമായി പിടിച്ചെടുത്ത ഉന്തുവണ്ടികള്‍ തിരികെനല്‍കണം. നോണ്‍വെജ് ഭക്ഷണങ്ങള്‍ കച്ചവടം ചെയ്യാന്‍ അനുമതി നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനും നഗരസഭാ അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്നും കച്ചവടക്കാര്‍ ഹരജിയില്‍ കോടതിയോട് ആവശ്യപ്പെട്ടു.

മതവികാരത്തിനു പുറമെ തെരുവില്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന വാദമാണ് അഹ്മദാബാദ് നഗരസഭാ അധികൃതര്‍ തെരുവുകച്ചവടം നിരോധിക്കാന്‍ കാരണമായി ഉന്നയിച്ചത്. ദുര്‍ഗന്ധം സഹിക്കാനാവുന്നില്ലെന്ന് പരിസരവാസികളുടെ പരാതി ലഭിച്ചുവെന്നാണ് വഡോദര നഗരസഭാ അധികൃതര്‍ റോഡരികില്‍ നോണ്‍വെജ് വിഭവങ്ങള്‍ കച്ചവടം ചെയ്യുന്നതു വിലക്കാന്‍ കാരണമായി പറഞ്ഞത്. 

15 ദിവസത്തിനുള്ളില്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ നോണ്‍വെജ് ഭക്ഷണശാലകളും ഒഴിപ്പിക്കണമെന്ന് വഡോദര നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, വിവിധ നഗരസഭകളുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആളുകള്‍ എന്തുകഴിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടിക്കോ സര്‍ക്കാരിനോ തീരുമാനിക്കാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് അമി റാവത്ത് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top