News Desk

2021-02-10 06:26:49 pm IST
ന്യൂഡല്‍ഹി: കേരളത്തിലും മഹാരാഷ്ട്രയിലും പടര്‍ന്നു പിടിക്കുന്നത് ജനിതക മാറ്റം വന്ന കൊറോണ വൈറസ് ആണോയെന്നു പരിശോധിക്കണമെന്ന് ഡല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.

ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഇതാണോ എന്നു വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം വ്യാപനം വര്‍ധിക്കുന്നതിനെ അധികൃതര്‍ ആശങ്കയോടെയാണു കാണുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 71 ശതമാനവും ഈ രണ്ടു സംസ്ഥാനത്ത് നിന്നുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണ്. 

80,536 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 56,932 എണ്ണവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇതില്‍ 39,260 എണ്ണവും കേരളത്തില്‍നിന്നാണെന്നതാണ് ആശങ്കാജനകം.

കൊവിഡ് മഹാമാരി രാജ്യമാകെ പടര്‍ന്ന ആദ്യഘട്ടത്തില്‍ രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കേരളം മികച്ച നടപടികളാണു സ്വീകരിച്ചതെന്നു നാഷണല്‍ കൊവിഡ് ടാക്സ് ഫോഴ്സ് അംഗം കൂടിയായ ഡോ. ഗുലേറിയ പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് സ്ഥിതി മോശമായെന്നും അദ്ദേഹം പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top