News Desk

2021-03-08 09:57:03 pm IST
സോഫിയ: പാരിസില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് 
പറഞ്ഞ് ഇന്ത്യക്കാരനായ യാത്രക്കാരന്റെ അതിക്രമത്തിന്റെ  വീഡിയോ പുറത്ത്. വിമാനത്തിലുണ്ടായിരുന്ന സിഖ് വംശജര്‍ക്കു നേരെയും ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ നേരെയും ഇയാള്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. അതിക്രമം അതിരു കടന്നതിനെ തുടര്‍ന്ന് വിമാനം ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറിക്കി. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സംഭവം.

ഇയാളെ വിമാനത്തില്‍നിന്ന് പുറത്താക്കി പിന്നീട് യാത്ര തുടരുകയും ചെയ്തു. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധം പെരുമാറിയ യാത്രക്കാരനു നേരെ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ഇയാള്‍ക്കെതിരെ ചുമത്താനിടയുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരന്റ പേരും മറ്റ് വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.

വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെയാണ് യാത്രക്കാരന്‍ അതിക്രമം തുടങ്ങിയതെന്ന് ബള്‍ഗേറിയ ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ ഇവയ്ലോ ആന്‍ഗെലോവ് പറഞ്ഞു. സീറ്റില്‍ നിന്നെഴുന്നേറ്റ് വിമാനത്തിലുണ്ടായിരുന്ന പഞ്ചാബി യാത്രക്കാര്‍ക്കു നേരെ ഇയാള്‍ 'മോദി മോദി' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
 
ചില യാത്രക്കാരെ ശാരിരികമായി അക്രമിക്കുകയും കോക്ക്പിറ്റിന്റെ വാതിലില്‍ ഇടിക്കുകയും തള്ളിത്തുറക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. 'യേശുക്രിസ്തുവിന് പോകേണ്ടി വരും...', 'ഉഡ്താ പഞ്ചാബ്' തുടങ്ങിയ വാക്കുകളും ഇയാള്‍ പ്രയോഗിച്ചു. ഇയാളെ പിടിച്ച് മാറ്റാന്‍ എത്തിയ ഫ്ളൈറ്റ് അറ്റന്‍ഡന്റിനെയും ഇയാള്‍ ആക്രമിച്ചു. വിമാനത്തിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് ഗൗരവ് പന്ധിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top