News Desk

2021-05-23 11:12:06 am IST

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്ന സിറ്റ കമ്പനിയുടെ സെര്‍വറുകള്‍ക്ക് നേരെ നടന്നത് സൈബര്‍ അക്രമണമെന്ന് അധികൃതര്‍. ഹാക്കര്‍മാര്‍ നടത്തിയത് അസൂത്രിതമായ നീക്കമാണെന്നും കമ്പനി പ്രതികരിച്ചു. 

വിവര ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിവര ചോര്‍ച്ച സംബന്ധിച്ച് ഡി.ജി.സി.എയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യയും പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം നടത്തുകയാണ്. ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സൈബര്‍ വിദ്ഗധര്‍ വ്യക്തമാക്കുന്നു. 

എയര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നേരിട്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള സ്വകാര്യ 
വിവരങ്ങളാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനകമ്പനിയെന്ന നിലയില്‍  യാത്രക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് സൂചന. 

ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദാംശം തേടിയത്. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് എയര്‍ ഇന്ത്യ ഉള്‍പ്പെടെ പ്രധാന വിമാനകമ്പനികള്‍ കരാര്‍ നല്‍കിയിരിക്കുന്നത് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റ എന്ന ഡേറ്റ മാനേജ്‌മെന്റ്  കമ്പനിക്കാണ്. 

സിറ്റ ലക്ഷ്യമിട്ട് നടത്തിയ ഈ സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യയെ കൂടാതെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്താന്‍സ, യുണൈറ്റഡ്, ഫിന്‍എയര്‍, മലേഷ്യന്‍ എയര്‍ലെന്‍സ്, ബ്രീട്ടീഷ് എയര്‍ലൈന്‍സ് ഉള്‍പ്പെടെ പത്തിലേറെ കമ്പനികളുടെ വിവര ചോര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണം സിറ്റയെ മാത്രമല്ല ആഗോളതലത്തില്‍ വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. 2011 ഓഗസ്റ്റ് 26-നും 2021 ഫെബ്രുവരി വരെ  ഇടയില്‍ റജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൂടാതെ പേര്, ജനന തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top