News Desk

2021-03-04 10:28:32 pm IST
ദോഹ: ഖത്തറിലെ അല്‍ സാദ് സ്ട്രീറ്റിലെ പ്രധാന ക്യാരീജ്‌വേ ഗതാഗതത്തിനായി തുറന്നതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗല്‍) അറിയിച്ചു. ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളാണ് ഗതാഗതത്തിനായി തുറന്നത്. ഇവിടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ക്യാരീജ്‌വേ ഗതാഗതത്തിനായി തുറന്നത്. 

ഗ്രേറ്റര്‍ ദോഹയിലെ വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ മെച്ചപ്പെടുത്ത പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിന്റെ ഭാഗമായാണ് അല്‍ സാദ് സ്ട്രീറ്റ് നവീകരിച്ചത്. 3.2 കിലോമീറ്റര്‍ നീളത്തില്‍ അല്‍ സാദ് സ്ട്രീറ്റും ജവാന്‍ സ്ട്രീറ്റും നവീകരിക്കുന്നതിനൊപ്പം അല്‍ സാദ് ഇന്റര്‍സെക്ഷന്‍ നവീകരിക്കുക, ഇന്റര്‍സെക്ഷനിലും സ്ട്രീറ്റിലുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികള്‍. പദ്ധതിയുടെ 40 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. 

അല്‍ സാദ് ഇന്റര്‍സെക്ഷനിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അല്‍ സാദ് സ്ട്രീറ്റിലെയും ജവാന്‍ സ്ട്രീറ്റിലെയും നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 

സര്‍വ്വീസ് റോഡുകള്‍ നവീകരിക്കുക, തെരുവുകളിലെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയും ലാന്‍ഡ്സ്‌കേപ്പിങ് ജോലികളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രവൃത്തികളും ഈ വര്‍ഷം നാലാം പാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് അഷ്ഗാലിന്റെ പ്രതീക്ഷ. കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ് ജോലികള്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top