News Desk

2021-03-16 08:32:41 pm IST
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ അസാധുവാകുമെന്ന് റിപ്പോര്‍ട്ട്. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും ആണ് അസാധുവാകുന്നത്.

ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാറിയ ഐ.എഫ്.എസ്.ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രില്‍ ഒന്നിനാണ് ഈ ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ മാര്‍ച്ച് 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.

ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോര്‍പറേഷന്‍  ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐ.എഫ്.എസ്.ഇ കോഡ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അറിയാനാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 18002082244, 18004251515, 18004253555 എന്ന നമ്പറുകളില്‍ ബന്ധപെടുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top