News Desk

2021-05-11 10:38:16 am IST
റിയാദ്: രാജ്യത്തേയ്ക്ക് വരുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ. മേയ്20 മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായി സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റാണ് അറിയിച്ചത്.

സൗദിയിലേക്കുള്ള യാത്ര ഇനി വന്‍ പണച്ചെലവുള്ളതായി മാറും. നിലവില്‍ ഇന്ത്യക്കാര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയ യാത്ര ചെയ്യേണ്ടി വരുന്ന ചെലവിന് പുറമെ സൗദിയില്‍ ഇറങ്ങിയ ശേഷം 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ചെലവ് കൂടി വഹിക്കേണ്ടി വരും. 

സൗദി മെയ് 17 മുതല്‍ അന്താരാഷ്ട്ര യാത്രാനിരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകള്‍ നിശ്ചയിച്ചത്. നിലവില്‍ സൗദിയിലേക്ക് യാത്രനിരോധമുള്ള ഇന്ത്യയടക്കം 20 രാജ്യങ്ങള്‍ ഒഴികെ, മറ്റിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് സൗദിയില്‍ പ്രവേശിക്കാന്‍ ഇന്‍സ്റ്റിറ്റിഷ്യൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്. ഫലത്തില്‍ അത്തരം നിരോധനമില്ലാത്ത രാജ്യങ്ങള്‍ വഴി സൗദിയിലെത്തുന്ന ഇന്ത്യക്കാര്‍ക്കും ഈ നിബന്ധന ബാധകമാകും. 14 ദിവസം അത്തരം രാജ്യങ്ങളില്‍ തങ്ങിയ ശേഷം യാത്ര ചെയ്യുന്നതോടെ ഇന്ത്യക്കാരും നിരോധനത്തില്‍ നിന്നൊഴിവാകും. 

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിബന്ധനയില്‍ നിന്ന് ഏതാനും വിഭാഗങ്ങളെ ഒഴിയാക്കിയിട്ടുണ്ട്. സ്വദേശി പൗരന്മാര്‍, വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികള്‍ക്കൊപ്പമെത്തുന്ന വീട്ടു ജോലിക്കാര്‍, വാക്സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍, ഔദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥര്‍, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവര്‍, ഡിപ്ലോമാറ്റുകള്‍, സൗദിയില്‍ താമസിക്കുന്ന അവരുടെ കുടുംബങ്ങള്‍, വിമാന ജീവനക്കാര്‍, ആരോഗ്യ മേഖലയിലെ വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ഇതില്‍ ഇളവുകളുള്ളത്. 

കോവിഷീല്‍ഡ്, ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസോ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസോ എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കുക. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ചെലവ് ടിക്കറ്റ് നിരക്കിലാണ് ഉള്‍പ്പെടുത്തേണ്ടേതെന്നും സൗദി സിവില്‍ എവിയേഷന്‍ അറിയിച്ചു. സൗദി പൗരന്മാരോ മറ്റ് ഒഴിവാക്കപ്പെട്ട ആളുകളോ ഒഴികെയുള്ള എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും സൗദിയില്‍ അംഗീകരിച്ച കൊവിഡ് പരിശോധനാ ഫലവും സമര്‍പ്പിക്കണം. ഇത് യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനുള്ളില്‍ എടുത്തതാവണം. 

ഇളവുകളില്ലാത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളില്‍ ഒന്നിന്റെ മുഴുവന്‍ ഡോസും എടുത്തിട്ടുണ്ടെങ്കില്‍ ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശിക്കാം. എന്നാല്‍, ഇവര്‍ അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത് സമര്‍പ്പിക്കണം. ഏഴ് ദിവസത്തേക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നല്‍കുന്നതിന് സൗകര്യങ്ങള്‍ നല്‍കുന്നതിനു ടൂറിസം മന്ത്രാലയം അംഗീകരിച്ച താമസ സൗകര്യങ്ങളുമായി കരാര്‍ ഒപ്പിടാന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വിമാന കമ്പനികളെ ചുമതലപ്പെടുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


Top