News Desk

2021-02-20 11:15:10 am IST
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇ.എം.സി.സി എം.ഡിയുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിടുകയും ചെയ്തു. 

കള്ളി വെളിച്ചത്തായപ്പോള്‍ മന്ത്രി ഉരുണ്ടു കളിക്കുകയാണ്. ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടാകും. മന്ത്രി മേഴ്‌സി കുട്ടിയമ്മ അതോര്‍ക്കുന്നത് നല്ലതാണ്. മേഴ്‌സികുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയെന്ന് കമ്പനി വ്യവസായ മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മന്ത്രിസഭയുടെ അംഗീകാരം ആവശ്യപ്പെട്ടാണ് ഇ.എം.സി.സി കത്തയച്ചതെന്നും ചെന്നിത്തല ഉന്നയിച്ചു. 

ന്യൂയോര്‍ക്കില്‍ വച്ച് മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം കത്തില്‍ പറയുന്നുണ്ട്. ഫിഷറിസ് വകുപ്പില്‍ സമര്‍പ്പിച്ച പദ്ധതി രേഖയെ കുറിച്ചും കത്തില്‍ പറഞ്ഞിട്ടുണ്ട്. ശരവേഗത്തിലാണ് ഇഎം സി സി ക്ക് നാലേക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇടപാടാണിത്. സംശയത്തിന്റെ മുന നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെയാണ്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ സൈറ്റില്‍ നിന്ന് എല്ലാം അപ്രത്യക്ഷമായി. മന്ത്രിമാര്‍ ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ വാക്കുകള്‍...

'കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇ.എം.സി.സി.യ്ക്ക് തീറെഴുതിക്കൊടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ട വിവിരം ഞാന്‍ ഇന്നലെ കൊല്ലത്ത് പുറത്ത് വിടുകയുണ്ടായി. എന്നാല്‍ പ്രതിപക്ഷനേതാവിന് കുറച്ചു ദിവസമായി മാനസികനില തെറ്റിയിരിക്കുകയാണെന്നാണ് ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പ്രതികരിച്ചത്. മാത്രമല്ല, ഇങ്ങനെ ഒരു കാരറിനെ കുറിച്ച് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്ന തരത്തിലാണ് മന്ത്രി സംസാരിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനാകട്ടെ പ്രതിപക്ഷനേതാവ് എന്തൊക്കെയോ പറയുന്നു എന്നാണ് പ്രതികരിച്ചത്.

എന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതില്‍ എനിക്ക് പരിഭവമില്ല. സ്പ്രിംഗ്‌ളര്‍ തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും ഇ - മൊബിലിറ്റി തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് എനിക്ക് പ്രത്യേക മാനസികാവസ്ഥയാണ്, മനോനില തെറ്റിയിരിക്കുകയാണ് എന്നൊക്കെയാണ്. എന്നാല്‍ അവയെല്ലാം പൂര്‍ണ്ണമായി ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. മേഴ്‌സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്. ഒരു കാര്യം ഇവിടെ വ്യക്തമാക്കട്ടെ. കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുത്തു എന്ന കാര്യം അറിഞ്ഞ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടായിട്ടുണ്ടാവും.  മേഴ്‌സിക്കുട്ടിയമ്മ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.

ഇന്നലെ രാത്രി മന്ത്രി മേഴ്‌സിക്കുട്ടിമ്മ നേരിട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഞാനൊന്നും അറഞ്ഞില്ല, ഞാനൊന്നും കണ്ടില്ല, ഇങ്ങനെ ഒരു പദ്ധതി ഇല്ല എന്നാണ് അവര്‍ അപ്പോഴും പറഞ്ഞത്. 2018 ല്‍  ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് ഒരു യു.എന്‍ പരിപാടിക്കാണെന്നും അവിടെ വച്ച് വേറെ ആരുമായും ചര്‍ച്ച നടത്തിയിരുന്നില്ലെന്നുമാണ് മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, ചാനല്‍ പ്രതിനിധികള്‍ അപ്പോള്‍ തന്നെ ഇ.എം.സി.സി. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വിളിച്ചു ചോദിച്ചപ്പോള്‍ ഞങ്ങള്‍ അവിടെ വച്ച് മേഴ്‌സിക്കുട്ടിയമ്മയെ കാണുകയും  സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് പറഞ്ഞത്. അപ്പോള്‍ ആരാണ് കളവ് പറയുന്നത്. ഇപ്പോള്‍ കള്ളിവെളിച്ചതായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുന്നു എന്നേ പറയാനുള്ളു.

ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു എന്നതിനും വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയായമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ട്. സര്‍ക്കാര്‍ വളരെ താത്പര്യപൂര്‍വ്വമാണ് ഈ പദ്ധതി മുന്നോട്ട് നീക്കി എന്നതിനും നിരവധി തെളിവുകളുണ്ട്. ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് സാജു വര്‍ഗ്ഗീസ് വ്യവസായ മന്ത്രി ഇ.പി.ജയരാജന് ഈ മാസം 11 ന് നല്‍കിയ കത്താണ് ഞാന്‍ ഇന്നലെ കൊല്ലത്ത് പുറത്തുവിട്ടത്. 5000 കോടി രൂപയുടെ ഈ പദ്ധതി മന്ത്രിസഭയില്‍ വയ്ക്കണമെന്നും  കഴിയുന്നത്ര വേഗം അംഗീകാരം നല്‍കണമെന്നും  പദ്ധതിയ്ക്കുള്ള മറ്റു ക്ലിയറന്‍സുകള്‍ വേഗത്തില്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും  അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ് ഈ കത്ത്. ആ കത്തില്‍ റഫറന്‍സ് നമ്പര്‍ രണ്ടായി പറയുന്നത് തന്നെ 2018 ല്‍ ഏപ്രിലില്‍ ന്യുയോര്‍ക്കില്‍ വച്ച് ഫിഷറീസ് മന്ത്രി  നടത്തിയ ചര്‍ച്ചയെക്കുറിച്ചാണ്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി ഒരു പദ്ധതി ഒരു ബഹുരാഷ്ട്രകമ്പനി സമര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട മന്ത്രിയുമായി ചര്‍ച്ച നടത്തിയ കാര്യം റഫറന്‍സായി വെറുതെ എഴുതിവയ്ക്കുമോ? ആരെ കബളിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്? ഞാന്‍ ഇന്ന് രണ്ട് രേഖകള്‍ കുടി പുറത്തുവിടുകയാണ്.

സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി. 3.8.2019 ല്‍ സമര്‍പ്പിച്ച കോണ്‍സെപ്‌ററ് നോട്ട് ആണ് ഒന്ന്. രണ്ടാമത്തേത് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2019 ആഗസറ്റ് 2 ന് ഇ.എം.സി.സി. പ്രസിഡന്റ് നല്‍കിയ കത്ത്. ഈ രണ്ട് രേഖകളിലും മന്ത്രി  ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി.യുമായി നടത്തിയ ചര്‍ച്ചയാണ് ഈ പദ്ധതിക്ക് ആധാരമെന്ന് പറയുന്നു. ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ച പദ്ധതി രേഖയെപ്പറ്റിയും  ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൊടുത്ത കത്തിനെപ്പറ്റിയും മന്ത്രിക്ക് അറിവില്ല എന്ന് പറയുന്നത് അരിയാഹാരം കഴിയ്ക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. എന്തുമാത്രം ഗൗരവത്തോടെയാണ് ഈ പ്രോജക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതെന്ന് ഈ പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുന്നു. അവ ഓരോന്നായി നോക്കാം.

(ഒന്ന്) മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടമായി 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് ഇ.എം.സി.സി. അധികൃതര്‍ ചര്‍ച്ച നടത്തുന്നു.

(രണ്ട്) സംസ്ഥാന ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി 2019 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.

(മൂന്ന്)  ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി ഇ.എം.സി.സി. അധികൃതര്‍ 2019 ജൂലയില്‍  ചര്‍ച്ച നടത്തുന്നു.

(നാല്) 2.8.2019 ന് ഡീറ്റൈയില്‍ഡ് കോണ്‍സെപ്റ്റ് ലെറ്റര്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നു.

(അഞ്ച്) 28.2.2020 ല്‍ കൊച്ചിയിലെ അസന്റില്‍ വച്ച് ഇ.എം.സി.സി.യും കേരള സര്‍ക്കാരും 5000 കോടിരൂപയുടെ പദ്ധതിക്കുള്ള ങഛഡ ഒപ്പിടുന്നു.

(ആറ് ) 3.10.2020 ന് പദ്ധതിക്കായി പള്ളിപ്പുറത്തെ മെഗാ പാര്‍ക്കില്‍ 4 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.സി.സി. സര്‍ക്കാരിന്  കത്തു നല്‍കുന്നു.

(ഏഴ്)  3.2.2021 ന് ഇ.എം.സി.സി.ക്ക് 4 ഏക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ട് കെ.എസ്.ഐ.ഡി.സി. ഉത്തരവാകുന്നു.

(എട്ട്) 400 ആഴക്കടല്‍ ട്രോളറുകളും 5 ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകളും 7 മത്സ്യബന്ധനതുറമുഖങ്ങളും, സംസ്‌ക്കരണ പ്ലാന്റും സംബന്ധിച്ചുള്ള ങഛഡ വില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഇ.എം.സി.സി. 2-2-21ന് കരാര്‍ ഒപ്പിടുന്നു.

ഇത്രയും കാര്യങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നത് ഒരു പദ്ധതിയുമില്ല, ഞങ്ങളൊന്നും അറിഞ്ഞിട്ടുമില്ല എന്നാണ്. സര്‍ക്കാര്‍ അറിയാതെയാണോ ഇ.എം.സി.സി.ക്ക് 4 ഏക്കര്‍ സ്ഥലം കൊടുത്തത്? സര്‍ക്കാര്‍ അറിയാതെയാണോ മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന കെ.എസ്.ഐ.എന്‍.സി.യുമായി 400 ട്രോളറുകള്‍ക്കും മറ്റുമുള്ള  എം.ഒ.യു. ഒപ്പിട്ടത്? ഇവിടെ പകല്‍ പോലെ വ്യക്തമാണ് കാര്യങ്ങള്‍. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കന്‍  കമ്പനിയ്ക്ക് തീറെഴിതി നല്‍കി കൊള്ള നടത്താനുള്ള ശ്രമാണ് നടന്നത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതിനും അവരെ പട്ടിണിയാക്കുന്നതിനുമുള്ള ഹീനമായ ശ്രമമാണ് നടന്നത്. പ്രതിപക്ഷം ഇത് കണ്ടെത്താതിരുന്നു എങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കേരളത്തിലെ സമുദ്രത്തിലെ മത്സ്യസമ്പത്ത് അപ്പാടെ കൊള്ളയടിക്കപ്പെടുമായിരുന്നു.

മുഖ്യമന്ത്രിയുടെ നേരിട്ട്  നിയന്ത്രണത്തിലുള്ള, മുന്‍ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ,  കെ.എസ്.ഐ.എന്‍.സിയുമായി ഇ.എം.സി.സി. ഇത്രയും വലിയ പദ്ധതിയില്‍ ധാരാണാപത്രം ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രി അത് അറിയാതെ പോകുമോ? വലിയ വാര്‍ത്തയാണ് അന്ന് ഇത് സംബന്ധിച്ച് പത്രങ്ങളില്‍ വന്നത്. എന്നിട്ടും ഫിഷറീസ് മന്ത്രി അറിഞ്ഞില്ലേ? ഈ സര്‍ക്കാരിലെ മറ്റു തട്ടിപ്പുകള്‍ എന്ന പോലെ സംശയത്തിന്റെ സൂചിമുന നീണ്ടു ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണ്. 

സര്‍ക്കാര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.

(ഒന്ന്) 2018 ഏപ്രിലില്‍ ഫിഷറീസ് മന്ത്രി ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ ഇ.എം.സിസിയുമായി ചര്‍ച്ച നടത്തിയോ?

(രണ്ട്) ഈ സന്ദര്‍ശനത്തിന്റെ പിറ്റേ വര്‍ഷം 14.1.2019 ന് പുറത്തിറക്കിയ പുതിയ ഫിഷറീസ് പോളിസിയില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും എന്ന തരത്തിലുള്ള നയവ്യതിയാനം ഉണ്ടായത് യാദൃശ്ചികമാണോ.?

(മുന്ന്) ഈ നയവ്യതിയാനം കാരണമല്ലേ ഇ.എം.സി.സിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള പടുകൂറ്റന്‍ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിക്കാന്‍ കഴിഞ്ഞത്?

(നാല്) കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ ഈ നയവ്യതിയാനം എങ്ങനെയാണ് വന്നത്?

(അഞ്ച്) 28.2.2021 ല്‍ അസന്റില്‍ വച്ച് ഇ.എം.സി.സി.യുമായി സംസഥാന സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് 5000 കോടി രൂപയുടെ ധാരാണാപത്രം ഒപ്പിട്ടുട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ധാരണാ പത്രം പുറത്തുവിടാന്‍ ധൈര്യമുണ്ടോ?

(ആറ്) കെ.എസ്.ഐ.ഡി.സിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ ഇ.എം.സി.സി.ക്ക് 4 ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തിന് വേണ്ടി? ഈ  മെഗാ പ്രോജക്ടിന്റെ ഭാഗമായിട്ടല്ലേ അത്? ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തു വിടാമോ?

(ഏഴ്) 2.2.2021 ല്‍ കെ.എസ്.ഐ.എന്‍.സി.യുമായി ഇ.എം.സി.സി അനുബന്ധധാരാണപത്രം ഒപ്പിച്ചിട്ടുണ്ടോ? അതിന്റെ പകര്‍പ്പ് പുറത്തുവിടാമോ?'

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top