News Desk

2021-11-23 04:49:24 pm IST
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സി.ഐ സുധീര്‍ നേരത്തെ ഉത്രവധക്കേസില്‍ വീഴ്ച വരുത്തിയതിന് നടപടി നേരിട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 

ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ജോലിയില്‍ വീഴ്ച വരുത്തിയതിന് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 

കൊല്ലത്തെ പ്രമാദമായ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തി. 

ആരോപണം ഉയര്‍ന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഉത്ര വധക്കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെക്കുറിച്ചുള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19- നാണ് പൂര്‍ത്തിയായത്.

ഇതിന് മുമ്പ്  2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.       

അന്ന് അഞ്ചല്‍ സി.ഐ ആയിരുന്നു സുധീര്‍. അന്നത്തെ കൊല്ലം റൂറല്‍ എസ്.പിയായിരുന്ന ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 

ആലുവയില്‍ ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്‍വീന്‍ ആത്മഹത്യ ചെയ്തത്.

ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സി.ഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതി നല്‍കാനായാണ് മോഫിയ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ സ്റ്റേഷനിലെത്തിയ തന്നോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും സി.ഐ ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top