News Desk

2021-05-27 10:51:08 am IST

ദോഹ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് ഖത്തര്‍ 500 മില്യണ്‍ ഡോളര്‍ നല്‍കും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പണം അനുവദിച്ചതെന്ന് വിദേശകാര്യ മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. 

'അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശപ്രകാരം ഗാസയുടെ പുനര്‍നിര്‍മാണത്തിന് 500 മില്യണ്‍ ഡോളര്‍ പിന്തുണ പ്രഖ്യാപിച്ചു. അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് നീതിപൂര്‍വകമായ ഒരു പരിഹാരത്തിലെത്താന്‍ ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും.', ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി ട്വീറ്റ് ചെയ്തു.

ഖത്തര്‍ അനുവദിച്ച തുക ഗാസ മുനമ്പിലാണ് ചിലവാക്കുക.  ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ഈ പണം ചിലവഴിക്കും. 

അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ഖത്തറിന്റെ സാമ്പത്തിക സഹായ വിതരണം തുടരുകയാണ്. ഗസ്സ മുനമ്പിലെ എല്ലാ ഗവര്‍ണറേറ്റുകളിലെയും ആളുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. തകര്‍ക്കപ്പെട്ട വീടുകളുടെ ഉടമസ്ഥര്‍ക്കും സഹായം നല്‍കുന്നുണ്ട്. ഗസ്സയിലെ അഞ്ചു കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം. ഖത്തര്‍ കമ്മിറ്റിയുടെയും ഗസ്സയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മേല്‍നോട്ടത്തിലാണ് നടപടികള്‍.

ഫലസ്തീന് അടിയന്തര സഹായമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി നേരത്തേതന്നെ ഒരു മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. പിന്നാലെ അഞ്ച് മില്യണ്‍ ഡോളറിന്റെ സഹായ പദ്ധതി ഖത്തര്‍ ചാരിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top