News Desk

2021-02-07 04:42:07 pm IST
ദോഹ: ഖത്തറില്‍ ദേശിയ കായിക ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച്ച പൊതുഅവധിയായിരിക്കുമെന്നും അമീരി ദിവാന്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദേശീയ കായിക ദിനത്തിലെ മത്സരങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ സംഘാടകര്‍ പുറപ്പെടുവിച്ചിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്.

രാജ്യത്ത് കൊവിഡിന്റെ വ്യാപനം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച മന്ത്രിസഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മത്സരം നടക്കുമ്പോള്‍ പൊതുജനസാന്നിധ്യം അനുവദിക്കില്ല. 

ബോള്‍ മാച്ചുകള്‍ പോലുള്ള ശാരീരിക സമ്പര്‍ക്കമുള്ള മത്സരങ്ങളും അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പരിമിതമായ സ്ഥലത്ത് നിരവധി ടീമുകള്‍ മത്സരിക്കുന്ന കായിക ഇനങ്ങളും അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിനു പുറമെ, എല്ലാ കായിക മത്സരങ്ങളും ഔട്ട്ഡോര്‍ സ്ഥലങ്ങളില്‍ നടത്തും. 

ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഒഴിവാക്കുമെന്നും കൂടാതെ സ്‌കൂളുകളിലും ക്ലബ്ബുകളിലും കായിക മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ദേശീയ കായിക ദിന മത്സരത്തിന്റെ സംഘാടകര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഓട്ടം, നീന്തല്‍, സൈക്ലിങ് എന്നിങ്ങനെയുള്ള എല്ലാ മത്സരങ്ങളും വ്യക്തിഗതമായിരിക്കുമെന്ന് സംഘാടകര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top