News Desk

2021-06-01 04:30:26 pm IST
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് എം.പി പറഞ്ഞു. തിങ്കളാഴ്ച അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഹമ്മദ് ഫൈസലിന്റെ പ്രതികരണം. 

അതേസമയം, അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ കരടിനെ ശക്തമായി എതിര്‍ത്തെന്നും എം.പി പറഞ്ഞു. ലക്ഷദ്വീപിലെ സമരങ്ങളെക്കുറിച്ച് അമിത് ഷായെ ബോധിപ്പിച്ചു. കരട് നിയമം തദ്ദേശവാസികളുമായും ജില്ലാ പഞ്ചായത്ത് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയം നടത്തി മാത്രമേ നിയമം പ്രാബല്യത്തില്‍ വരുത്തുള്ളുവെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി പറഞ്ഞു. 

ദ്വീപില്‍ ഗോവധ നിരോധനവും രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല എന്നതടക്കമുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് എം.പി അമിത് ഷായെ ധരിപ്പിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഹമ്മദ് ഫൈസലിന്റെ പാര്‍ട്ടി നേതാവ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top