News Desk

2020-05-22 08:26:19 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസികളെ ഉടന്‍ സ്വദേശത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി പ്രവാസികളുടെ കൂട്ടായ്മയായ കെ.എല്‍ കുവൈത്ത്. 

ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലം എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുമായി  കെ.എല്‍ കുവൈത്ത് ഭാരവാഹികള്‍ സംസാരിച്ചിരുന്നു. അതേതുടര്‍ന്ന് അദ്ദേഹത്തിന് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. 

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് നേരത്തെ കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ്-19 മായി ബന്ധപ്പെട്ട് വ്യോമയാന സര്‍വീസുകളിലെ അനിശ്ചിതത്വം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് തടസ്സമായി നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. പരിമിതമായ സര്‍വീസുകള്‍ മാത്രം ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുമാപ്പ് ക്യാമ്പുകളില്‍ കാത്തിരിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് മാസങ്ങള്‍ വേണ്ടി വരുമെന്നും കെ.എല്‍ കുവൈത്ത് ചൂണ്ടിക്കാണിച്ചു. 

കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ മടങ്ങി വരുമ്പോള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനു സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് കെ.എല്‍ കുവൈത്ത് ആവശ്യപ്പെട്ടു.

കെ.എല്‍ കുവൈത്തിന്റെ പൊതുമാപ്പ് വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ പല ക്യാംപുകളില്‍ ഉള്ളവര്‍ അവരുടെ വിഷമതകള്‍ പങ്കുവയ്ക്കുകയുണ്ടായി. കുവൈറ്റില്‍ കബ്ദ്, അബ്ദലി ഉള്‍പ്പെടെ നാനാഭാഗങ്ങളിലെ വിവിധ ക്യാംപുകളിലായി അയ്യായിരത്തിന് മുകളില്‍ പുരുഷന്‍മാരും, സ്ത്രീകളും ഉള്‍പ്പടെ കഴിയുന്നുണ്ട്. ഇവരുടെ ജീവിതം വളരെ വിഷമത്തിലാണ്. സ്ത്രീ ജനങ്ങള്‍ വളരെയേറെ ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്.വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രാഥമികാവിശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബുദ്ധിമുട്ടുന്നു.

ദിവസേന കഴിയ്ക്കുന്ന ഗുളികകള്‍ പലതും തീര്‍ന്നതായും, മറ്റ് അവശ്യ സാധനങ്ങള്‍ തീര്‍ന്നതായും ഇവര്‍ കെ. എല്‍ കുവൈറ്റിനോടു പറയുകയുണ്ടായി. മരുഭൂമിയിലെ ഒരു ക്യാംപില്‍ കഴിഞ്ഞ ദിവസം വിഷപാമ്പിനെ കണ്ടതായും ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കുന്നതെന്നും ക്യാമ്പ് അംഗങ്ങള്‍ പറഞ്ഞു

കുവൈത്തില്‍ ഇപ്പോള്‍ ഉഷ്ണകാലമാണ്. പലരും ടെന്റുകളില്‍ ആണ് കഴിയുന്നത്. പലരും പനി ഉള്‍പ്പെടെ ഉള്ള അസുഖ ബാധിതര്‍ ആയതിനാല്‍ കൂടെ ഉള്ളവരും ഭയത്തിലാണ്. ഇതെല്ലാം മനസ്സില്ലാക്കി എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് കെ.എല്‍ കുവൈത്ത് ഭാരഭാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. കെ.എല്‍ കുവൈത്ത് ഭാരവാഹികളുമായി ബന്ധപ്പെടാനുള്ള നമ്പര്‍. സിറാജ് കടയ്ക്കല്‍ 965 9851 5541,സെര്‍ജിമോന്‍ കെ.ടി  965 6623 2601.

ALSO WATCH 


Top