News Desk

2021-02-14 03:59:53 pm IST
യുണൈറ്റഡ് നേഷന്‍സ്: അടുത്ത ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി 34 കാരിയായ ഇന്ത്യന്‍ വംശജ. യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അന്റോണിയോ ഗുട്ടറസിനെതിരെ മത്സരിക്കുന്നത്. 

ആകാംക്ഷ അറോറ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയും അറോറ പുറത്തുവിട്ടു. 2022ലാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ അടുത്ത ടേം ആരംഭിക്കുന്നത്. 

ഒരു തവണ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താന്‍ മത്സരിക്കുന്ന വിവരം അറോറ അറിയിച്ചത്. ഇക്കൊല്ലം ഡിസംബര്‍ 31 നാണ് ഗുട്ടറെസിന്റെ പ്രവര്‍ത്തന കാലാവധി അവസാനിക്കുന്നത്.

75 വര്‍ഷമായി യു.എന്‍ അഭയാര്‍ത്ഥികളുടേതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ല. പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്ന യു.എന്‍ നമുക്ക് അര്‍ഹതപ്പെട്ടതാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറോറ വ്യക്തമാക്കി. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഐക്യരാഷ്ട്രസഭ ആസ്ഥാനത്താണ് ചിത്രീകരിച്ചിരിക്കുന്നത്. 

അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസില്‍ ബിരുദം നേടിയ അറോറ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയതായി വെബ്സൈറ്റിലെ വ്യക്തി വിവരണത്തില്‍ ചേര്‍ത്തിരിക്കുന്നു. 

ഇന്ത്യയില്‍ ജനിച്ച അറോറയ്ക്ക് ഇന്ത്യയില്‍ ഒ.സി.ഐ കാര്‍ഡും കനേഡിയന്‍ പാസ്പോര്‍ട്ടുമുള്ളതായി പാസ്സ്ബ്ലൂ ന്യൂസ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്നിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു സ്ത്രീ സെക്രട്ടറി ജനറല്‍ സ്ഥാനം അലങ്കരിച്ചിട്ടില്ല. അതേസമയം, അറോറ ഔദ്യോഗികമായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് യു.എന്‍ വക്താവ് അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top