News Desk

2021-04-24 09:33:29 pm IST
തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ഇന്നു മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1.15 കോടിയിലധികം രൂപ. ഇന്ന് വൈകിട്ട് നാലു മണി വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെ സംസ്ഥാനത്ത് അടിയന്തരമായി വാക്‌സിന്‍ ലഭ്യമാക്കുന്നതിന് തന്റെ കയ്യില്‍ ആകെയുള്ള സമ്പാദ്യം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ശ്രദ്ധേയമാവുകയാണ് പേര് വെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വയോധികന്‍.

അക്കൗണ്ടില്‍ ആകെയുള്ള 2,00,850 രൂപയില്‍ രണ്ടു ലക്ഷം രൂപയാണ് ബീഡി തൊഴിലാളിയായ വയോധികന്‍ സംഭാവന നല്‍കി മാതൃകയായത്. കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന്‍ സി.പി. സൗന്ദര്‍രാജ് ഫേസ് ബുക്കില്‍ ഇക്കാര്യം കുറിച്ചപ്പോഴാണ് ഈ സാധാരണക്കാരനെ പുറംലോകം അറിഞ്ഞത്.

സൗന്ദര്‍രാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

'ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു...2.00,850 രൂപ ഉണ്ടെന്നു പറഞ്ഞു.'ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൊവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം'കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി.

വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്‍പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.

'എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴചയില്‍ 1,000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. 'മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്'

അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍.... ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്. അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും..... അതാണ് ഉറപ്പോടെ പറയുന്നത്.. ഇത് കേരളമാണ് '-അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top