News Desk

2021-03-22 06:04:39 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ജല ഉപഭോഗത്തില്‍ എട്ട് ശതമാനം വാര്‍ഷിക വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. ഖത്തര്‍ ജല-വൈദ്യുതി വിതരണ കമ്പനിയായ കഹ്‌റാമ ലോകജല ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

രാജ്യത്തെ ആളോഹരി ജല ഉപയോഗം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഖത്തറില്‍ പ്രതിദിനം ഒരാള്‍ 500 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ അത് ഭാവിക്ക് നല്ലതല്ലെന്നും കഹ്‌റാമ വ്യക്തമാക്കുന്നു. 

സ്വയം പര്യാപ്തതയിലേക്കുള്ള ഖത്തറിന്റെ യാത്രയില്‍ വിലയേറിയ വിഭവമാണ് ജലം. വെള്ളത്തിന്റെ ആവശ്യം അതിവേഗം വര്‍ധിച്ചുവരുകയാണ്. ഇതിനാല്‍ ജലഉപഭോഗം അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

2020ല്‍ കഹ്‌റാമയുടെ കുടിവെള്ള ഉല്‍പാദനം പ്രതിദിനം 438 മില്യന്‍ ഗാലനായി വര്‍ധിച്ചിരുന്നു. കഹ്‌റമയും അല്‍ ഹൗല്‍ പവറും പ്രതിദിനം 61.5 മില്യന്‍ ഗാലന്‍ കുടിവെള്ളം ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു. കഹ്‌റമ പുറത്തിറക്കിയ 2019ലെ നേട്ടങ്ങള്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

വാട്ടര്‍ സെക്യൂരിറ്റി മെഗാ റിസര്‍വോയര്‍ പദ്ധതിയുടെ സഹായത്തോടെ രാജ്യത്തിന്റെ ജലസംഭരണശേഷി കഴിഞ്ഞ 2019ല്‍ 680 മില്യന്‍ ഗാലനായിരുന്നു. പിന്നീട് 1500 മില്യന്‍ ഗാലനായി. 2026 വരെയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതു പര്യാപ്തമാണ്.

ഉയര്‍ന്ന ജനസംഖ്യ മൂലമുണ്ടായ കുടിവെള്ള ആവശ്യം നിറവേറ്റുകയും എല്ലാ മേഖലകളിലേക്കും ആവശ്യമായ ജലം എത്തിക്കുകയുമാണ് കഹ്‌റമ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം അഞ്ച് ഭൂഗര്‍ഭ ശുദ്ധജല പദ്ധതിയാണ് കഹ്‌റമ പൂര്‍ത്തിയാക്കിയത്. 328 ഭീമന്‍ കിണറുകള്‍ക്ക് തുല്യമാണിത്. അടിയന്തര ഘട്ടങ്ങളിലുള്‍പ്പെടെ രാജ്യത്തിന്റെ ജല സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top