News Desk

2021-04-14 04:19:48 pm IST
ന്യൂയോര്‍ക്ക്: ഹാക്കിങ് ശേഷി ഇല്ലാത്തവര്‍ക്കു പോലും മറ്റൊരാളുടെ വാട്‌സ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന പുതിയ കണ്ടെത്തലുമായി സൈബര്‍ വിദഗ്ധര്‍.

വാട്ട്‌സ്ആപ്പിന്റെ ഒരു അടിസ്ഥാന കാര്യത്തിലെ പിഴവാണ് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് കാരണമാകുന്നത് എന്നാണ് ഫോര്‍ബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വിലയേറിയ ബന്ധങ്ങളും സംഭാഷണങ്ങളും കോണ്‍ടാക്റ്റുകളും സൂക്ഷിക്കുന്ന വാട്ട്‌സ്ആപ്പ് അക്കൗണ്ട് പരിപൂര്‍ണമായി ഡിലീറ്റു ചെയ്യാന്‍ പുറത്തു നിന്നും ആര്‍ക്കും സാധിക്കും എന്ന് കണ്ടെത്തിയത് സൈബര്‍ സുരക്ഷാ ഗവേഷകരായ ലൂയി മാര്‍ക്കേസ് കാര്‍പിന്റെറോ, ഏണസ്റ്റൊ കനാലെസ് എന്നിവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാക്കിങ് ശേഷി ഇല്ലാത്ത സാധാരണക്കാര്‍ക്ക് പോലും വാട്ട്‌സ്ആപ്പ് അക്കൗണ്ട് എക്കാലത്തേക്കുമായി ഡിലീറ്റു ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ലളിതമായ രീതിയിലാണ് ഈ പിഴവ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുടെ വലിയ കരുതലായി വാട്ട്‌സ്ആപ്പ് വിശേഷിപ്പിക്കുന്ന ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ കോഡ് തെറ്റായി ഏതാനും തവണ അടിച്ചുകൊടുത്താല്‍ അക്കൗണ്ട് ഡിലീറ്റാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒന്നിലേറെ തവണ തെറ്റായി കോഡുകള്‍ നല്‍കി കഴിയുമ്പോള്‍ വാട്ട്‌സ്ആപ്പ് 12 മണിക്കൂര്‍ നേരത്തേക്ക് ലോക്കാകും. 

ലോക്കായ ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ച് പുതിയ ഒരു ഇമെയില്‍ അഡ്രസ് രജിസ്റ്റര്‍ ചെയ്യാം. ഈ മെയില്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് ടീമിന് ലോക്കായ അക്കൗണ്ട് നഷ്ടപ്പെട്ടുവെന്നോ, ഹാക്കു ചെയ്യപ്പെട്ടു എന്നോ പറഞ്ഞ് അത് ഡിലീറ്റു ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

അഭ്യര്‍ഥന ലഭിച്ചാല്‍ ഉടന്‍ സപ്പോര്‍ട്ട് ടീം അക്കൗണ്ട് ഡിലീറ്റു ചെയ്തു തരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ പേടിപ്പിക്കാവുന്ന ഒരു രീതിയാണ് ഇതെങ്കിലും, അതു നടത്തുക അത്ര എളുപ്പമല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

കാരണം വാട്ട്‌സ്ആപ്പിന്റെ ഒ.ടി.പി വെരിഫിക്കേഷന്‍ എത്തുന്നത് എസ്.എം.എസ് വഴിയാണ്. അതു കഴിഞ്ഞാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിലേക്കു കടക്കൂ.

അതിനാല്‍ ആരുടെ അക്കൗണ്ടാണോ ഡിലീറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, അവരുടെ ഫോണും കൈവശം ഉണ്ടെങ്കില്‍ മാത്രമേ ആക്രമണം നടത്താനാകൂ. 

അല്ലെങ്കില്‍ ഒ.ടി.പി കൈവശപ്പെടുത്താന്‍പരസ്പരം അറിയാവുന്ന ആരെങ്കിലുമായിരിക്കും ആക്രമണം നടത്തുക. അല്ലെങ്കില്‍ റിമോട്ട് ഡെസ്‌കടോപ്പ് ആപ് ഉപയോഗിച്ചും ഒ.ടി.പി എടുക്കാനാകുമെന്നും ചിലര്‍ സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ വാട്ട്‌സ്ആപ്പിന്റെ ഔദ്യോഗിക പ്രതികരണം ഈ വിഷയത്തില്‍ വരുമെന്നാണ് പ്രതീക്ഷ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top