News Desk

2021-05-31 05:16:39 pm IST
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും ദ്വീപ് ജനതയുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ബി.ജെ.പി ഉപാധ്യക്ഷനും ലക്ഷദ്വീപിന്റെ ചുമതലയുള്ള നേതാവുമായ എ.പി അബ്ദുല്ലകുട്ടി. ഇപ്പോള്‍ ലക്ഷദ്വീപിലെ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച നേതാക്കള്‍ ഇതിനു മുമ്പും രാജിവെച്ചവരാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. 

ലക്ഷദ്വീപില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് അബ്ദുല്ലകുട്ടി നിലപാട് അറിയിച്ചത്. എന്നാല്‍ ദ്വീപില്‍ കൂടുതല്‍ കടുത്ത നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ നീങ്ങുകയാണ്. മറൈന്‍ വാച്ചര്‍മാരായ 200 ഓളം താല്‍കാലിക ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടു. മൂന്ന് മാസത്തേക്ക് ഇവരുടെ സേവനം വേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍  ലക്ഷദ്വീപിലെ നാലു ദ്വീപുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യുവും നീട്ടിയിട്ടുണ്ട്. കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയാത്തതിനാലാണ് നിയന്ത്രണങ്ങള്‍ നീട്ടിയതെന്നാണ് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരിക്കുന്നത്. 

പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനിക്കോയ് ദ്വീപുകളിലാണു ലോക്ക്ഡൗണ്‍ നീട്ടിയത്. കില്‍ത്താന്‍, ചത്ലത്, ബിത്ര, കടമത്ത്, അഗത്തി ദ്വീപുകളില്‍ രാത്രികാല കര്‍ഫ്യു (വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറു വരെ) തുടരും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top