News Desk

2021-04-04 10:44:08 pm IST
കാലിഫോര്‍ണിയ: പുതിയൊരു സോഫ്റ്റ്‌വെയര്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍. ഐ.ഒ.എസ് വേര്‍ഷന്‍ 14.5 ആണ് ആപ്പിളില്‍ നിന്ന് അടുത്തായി പുറത്തിറങ്ങാന്‍ പോകുന്ന സോഫ്റ്റ് വെയര്‍ വേര്‍ഷന്‍. നിലവില്‍ ഈ ഐ.ഒ.എസിന്റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. കിടിലന്‍ മാറ്റങ്ങളോടെയെത്തുന്ന ഐ.ഒ.എസ് വേര്‍ഷന്‍ 14.5 ന്റെ സവിശേഷതകള്‍ ഇവയാണ്.

ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഐഫോണിന്റെ ലോക്ക് തുറക്കാം. ഐ.ഒ.എസ് 14.5ന്റെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ഇത്. കൊവിഡ് കാലത്ത് മാസ്‌ക് ധരിച്ച് ഫേസ് ലോക്ക് തുറക്കാന്‍ സാധിക്കാറില്ല. അതിനുള്ള പരിഹാരമായി നിങ്ങള്‍ ആപ്പിള്‍ വാച്ച് ധരിച്ചിട്ടുണ്ടെങ്കില്‍ അത് ഉപയോഗിച്ച് ഫോണ്‍ തുറക്കാം.

അടുത്ത ഫീച്ചര്‍ ബാറ്ററി റീകാലിബറേഷന്‍ ആണ്. ഈ ഫീച്ചറിലൂടെ ബാറ്ററി ഹെല്‍ത്ത് കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. സെറ്റിങ്സ്-ബാറ്ററി-ബാറ്ററി ഹെല്‍ത്ത് എന്ന രീതിയില്‍ പോയാല്‍ ബാറ്ററി ഹെല്‍ത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. 

ആപ്പിളിന്റെ ഡിജിറ്റല്‍ പേഴ്സണല്‍ അസിസ്റ്റന്റായ സിരി ഇനി സ്ത്രീ ശബ്ദത്തില്‍ സംസാരിക്കണോ അതോ പുരുഷ ശബ്ദത്തില്‍ സംസാരിക്കണോ എന്നും നമ്മുക്ക് തീരുമാനിക്കാം. കൂടാതെ രണ്ട് പുതിയ ശബ്ദം കൂടി സിരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിരിക്ക് ഇനി നമ്മുടെ ഇഷ്ടപ്പെട്ട പാട്ടുകള്‍ കൂടുതല്‍ പെട്ടെന്ന് മനസിലാകും.

ഇനി പുറത്തിറങ്ങാന്‍ പോകുന്ന മോഡലുകളില്‍ രണ്ടു സിമ്മുകളിലും 5ജി സപ്പോര്‍ട്ട് ഉണ്ടാകും. യാത്ര ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ സംവിധാനമായിരിക്കുമിത്.

പുതിയ കാലത്ത് പ്രൈവസി-ഡാറ്റ പ്രശ്നങ്ങള്‍ കൂടി വരുന്നത് കൊണ്ട് ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറാണ് ആപ്പ് ട്രാക്കിങ് സുതാര്യത. 217 പുതിയ ഇമോജികള്‍ പുതിയ ഐ.ഒ.എസ് വേര്‍ഷന്‍ 14.5ല്‍ ഉണ്ടാകും. ചില ഇമോജികള്‍ രൂപമാറ്റം വരുത്തി അവതരിപ്പിക്കും. ഏപ്രിലില്‍ തന്നെ ഐ.ഒ.എസ് 14.5 എല്ലാ ഉപഭോക്താകള്‍ക്കും ലഭിക്കുമെന്നാണ് സൂചന.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top