ബീജിംഗ്: ചൈനയിലെ ഉയ്ഗുര് മുസ്ലിംകളെ അടിമപ്പണിയെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രധാനപ്പെട്ട വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച് ആപ്പിള്‍. ഐഫോണ്‍ 12 ക്യാമറ മൊഡ്യൂള്‍ വിതരണ ശൃംഖലയില്‍ നിന്ന് ഒഫിലിം (OFilm) ഗ്രൂപ്പ് എന്ന കമ്പനിയെയാണ് പുറത്താക്കിയത്.
ബ്ലൂംബര്‍ഗ് ക്വിന്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍നിന്ന് ദൂരെയുള്ള വിവിധ കമ്പനികളിലേക്ക് ഉയ്ഗുര് മുസ്ലിംകളെ നിര്‍ബന്ധിത തൊഴിലിനായി അയക്കുകയാണെന്ന റിപ്പോര്‍ട്ട് സമീപകാലത്ത് പുറത്തുവന്നിരുന്നു.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഘടക വിതരണക്കാരായ ഒഫിലിം ഗ്രൂപ്പ് ഉയ്ഗുറുകളെ സിന്‍ജിയാങ്ങില്‍ നിന്നും മാറ്റുന്ന സര്‍ക്കാര്‍ പരിപാടിയുമായി സഹകരിക്കുകയും അവരെ അടിമപ്പണിയെടുപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പിള്‍ അവരുമായുള്ള സഹകരണം വിച്ഛേദിച്ചത്.
തങ്ങളുടെ വിതരണക്കാരിലൊരാള്‍ ഉയ്ഗുറുകളെ അടിമപ്പണിക്കായി പ്രൊഡക്ഷന്‍ ലൈനുകളില്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആപ്പിള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ ആപ്പിളിന്റെ മനംമാറ്റമാണ് സൂചിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആപ്പിള്‍ ചൈനീസ് സപ്ലെയറുമായുള്ള കരാറുകള്‍ അവസാനിപ്പിച്ചതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാള്‍ ബ്ലൂംബര്‍ഗിനോട് പറഞ്ഞു.
തൊഴിലാളികളുടെ അവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിള്‍ ചൈന കേന്ദ്രീകരിച്ചുള്ള തങ്ങളുടെ വിതരണ ശൃംഖലകളോട് മുമ്പ് കടുത്ത സമീപനങ്ങള്‍ സ്വീകരിച്ചിരുന്നു. 2020-ല്‍ തൊഴിലാളികളോടുള്ള മോശമായ സമീപനം ചൂണ്ടിക്കാട്ടി ഐഫോണ്‍-അസംബ്ലര്‍ പെഗട്രോണ്‍ കോര്‍പ്പറേഷനെ ആപ്പിള്‍ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.
പട്ടിണിമാറ്റാനെന്ന പേരില്‍ തൊഴില്‍ മേളകള്‍ നടത്തിയാണ് ആയിരക്കണക്കിന് ഉയ്ഗുറുകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചൈന നാടുകടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 82 മുന്‍നിര കമ്പനികളുടെ ഫാക്ടറികളിലേക്കാണ് ഇവരെ എത്തിക്കുന്നത് എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജോലിയോടൊപ്പം സൗകര്യങ്ങള്‍ ഒട്ടുമില്ലാത്ത ഇടുങ്ങിയ താമസ സ്ഥലങ്ങളോടു ചേര്‍ന്ന് ചൈനീസ് ഭാഷ പഠിപ്പിച്ചും ആദര്‍ശ ക്ലാസുകളെടുത്തും അവരെ ചൈനീസ് സര്‍ക്കാര്‍ പരിശീലിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2017 മുതല്‍ ഉയ്ഗുറുകളെ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളെന്ന പേരില്‍ സിന്‍ജിയാങ്ങിന്റെ പല ഭാഗങ്ങളില്‍ തടവറകളില്‍ പാര്‍പ്പിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക