News Desk

2021-11-24 08:50:07 pm IST

കാലിഫോര്‍ണിയ: ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെതിരെ അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിള്‍ രംഗത്ത്. ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പെഗാസസ് ചാരവൃത്തി നടത്തിയെന്നാണ് ആപ്പിള്‍ ആരോപിക്കുന്നത്. പെഗാസസ് സോഫ്റ്റ്‌വെയറിന്റെ മാതൃകമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ ആപ്പിള്‍ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

എന്‍.എസ്.ഒ ഗ്രൂപ്പ് അവരുടെ ഇന്‍-ഹൗസ് പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് വിവിധ ഐഫോണ്‍ മോഡലുകളിലേക്ക് ആക്സസ് നേടുന്നതിനായി 'സീറോ ക്ലിക്ക് വള്‍നറബിലിറ്റി' എന്ന പുതിയ ആയുധമാണ് ഉപയോഗിച്ചത്. 

ഐമെസ്സേജിലേക്ക് പി.ഡി.എഫ് ഫയലുകള്‍ അയച്ചും മറ്റുമാണ് ഐഫോണ്‍ ഹാക്ക് ചെയ്യുന്നത്. അതേസമയം, ഇത്തരം ഹാക്കിങ്ങുകള്‍ തടയാനായി ആപ്പിള്‍ ഒരു അപ്‌ഡേറ്റ് ഐ.ഒ.എസ് വേര്‍ഷനില്‍ നല്‍കിയിരുന്നു. ലക്ഷ്യമിട്ട ഐഫോണുകളില്‍ എന്‍.എസ്.ഒ ഗ്രൂപ്പ് എങ്ങനെ നുഴഞ്ഞുകയറി എന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിടാമെന്ന് ആപ്പിള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗവേഷകര്‍ അതിനെ ഫോഴ്‌സ്ഡ് എന്‍ട്രി എന്നാണ് വിളിക്കുന്നത്.

'ഏതെങ്കിലും ആപ്പിള്‍ സോഫ്റ്റ്വെയറോ സേവനങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്ന് എന്‍.എസ്.ഒ ഗ്രൂപ്പിനെ നിരോധിക്കുന്നതിനായി അവര്‍ക്കെതിരെ ഒരു സ്ഥിരമായ വിലക്കിന് തങ്ങള്‍ ശ്രമിക്കുകയാണെന്നും' ആപ്പിള്‍ പ്രസ്താവിച്ചു.

'സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എന്‍.എസ്.ഒ ഗ്രൂപ്പ് പോലുള്ള അപകടകാരികള്‍ കാര്യക്ഷമമായ ഉത്തരവാദിത്തം കൂടാതെ സങ്കീര്‍ണ്ണമായ നിരീക്ഷണ സാങ്കേതികവിദ്യകള്‍ക്കായി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നുണ്ട്. വിപണിയിലെ ഏറ്റവും സുരക്ഷിതമായ ഉപഭോക്തൃ ഹാര്‍ഡ്വെയറാണ് ആപ്പിള്‍ ഉപകരണങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്‌പൈവെയര്‍ വികസിപ്പിക്കുന്ന സ്വകാര്യ കമ്പനികള്‍ കൂടുതല്‍ അപകടകരമായി മാറിയിരിക്കുന്നു.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വ്യവസായികള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഫോണുകളിലേക്ക് നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. 

വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്കാണ് ഇസ്രായേല്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന എന്‍.എസ്.ഒ ഗ്രൂപ് ചാരസോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത്. ലോകത്ത് 50,000 പേരുടെ ഫോണുകളിലേക്ക് ഈ സോഫ്റ്റ്‌വെയര്‍ കടന്നുകയറിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അതേസമയം, രാജ്യരക്ഷക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് പെഗാസസ് ലൈസന്‍സ് നല്‍കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top