പാലക്കാട്: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്.
ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരില്‍ ഒരാളുടെ താല്പര്യത്തിനനുസരിച്ച് മറ്റൊരാള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് നടത്തിയത്. ഈ മൂന്നുപേരും ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നു പേരുടെ വ്യക്തിപരമായ താല്‍പര്യത്തില്‍നിന്നുണ്ടായ പ്രശ്നമാണ്. അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു. നിയമനം നല്കാന് ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് ജോലി നല്‍കാനാണ് ശ്രമം നടന്നത്. വിഷയവിദഗ്ധരായ മൂന്നു പേര്‍ക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്കാന് തീരുമാനിച്ചു എന്നാണ് ഇവര്‍ തന്നെ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതുതന്നെ ക്രമവിരുദ്ധമാണ്. 80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ് നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്സിറ്റി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.
ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മൂന്നു പേരുടെ വ്യക്തിതാല്പര്യം സംരക്ഷിക്കാന്‍ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു. നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമം നടന്നു. നിനിതയുടെ പി.എച്ച്.ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. രണ്ടാമതായി, പി.എച്ച്.ഡിക്കെതിരായി കേസുണ്ടെന്ന് ആക്ഷേപമുണ്ടായി. അതും തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ ഇന്റര്‍വ്യൂവിലും ഇത്തരത്തിലുള്ള ശ്രമം നടന്നു എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം വിജയിക്കാതെവന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് മൂന്നാമതൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍കുകയായിരുന്നു. പിന്മാറാന് ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു. ജോയിന്‍ ചെയ്താല്‍ കത്ത് പുറത്തുവിടും എന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. പിന്നീട് മൂന്നാം തീയതി ജോയിന്‍ ചെയ്തതിനു ശേഷം ഇവര്‍ പരസ്യ പ്രതികരണം നടത്തുകയും പിന്നീട് കത്ത് പുറത്തുവിടുകയുമായിരുന്നു. ഉദ്ദേശം പിന്മാറാന് നിര്‍ബന്ധിക്കുകയായിരുന്നു. സമ്മര്‍ദ്ദവും ഭീഷണിയും വന്നപ്പോള്‍ അതിന് വഴങ്ങില്ല എന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിന്‍ ചെയ്യാന്‍ തീരുമനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുസ്ലിം സംവരണ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ തിരിമറി നടന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. തങ്ങള്‍ നല്കിയ പട്ടിക അട്ടിമറിച്ചെന്നും മതിയായ യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കിയെന്നും കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ഭാഷാ വിദഗ്ധരായ ഡോ.ടി. പവിത്രന്, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന് എന്നിവര്‍ വൈസ് ചാന്‍സിലര്‍ക്ക് നല്കിയ കത്ത് പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.ഐ.എം നേതാവ് എം.ബി രാജേഷിന്റെ പ്രതികരണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക