Article Desk

2021-03-08 04:06:09 pm IST

കൊവിഡ് പ്രതിദിന വര്‍ധനയെ തുടര്‍ന്ന് ഫെബ്രുവരി മൂന്നു മുതലാണ് ഖത്തറില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാനാണ് മന്ത്രിസഭാ തീരുമാനം. സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, വാഹന വ്യവസ്ഥ, മൊബൈലില്‍ ഇഹ്തിറാസ് തുടങ്ങിയ വ്യവസ്ഥകളും നിര്‍ബന്ധമാണ്. 

ഇതിനോടൊപ്പം വാക്സിനേഷന്‍ പ്രക്രിയയും ഖത്തറില്‍ പുരോഗമിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ഹെല്‍ത്ത് സെന്ററുകളില്‍ മാത്രമായിരുന്ന വാക്‌സിനേഷന്‍ കാംപെയ്ന്‍ നിലവില്‍ ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ലുസെയ്ല്‍ ഡ്രൈവ്-ത്രൂ എന്നീ കേന്ദ്രങ്ങളിലേക്ക് കൂടി വിപുലീകരിച്ചിട്ടുണ്ട്.

ഡിസംബര്‍ 23-ന് ആരംഭിച്ച നാലു ഘട്ടങ്ങളിലായുളള ക്യാംപെയ്ന്‍ ഒക്ടോബര്‍ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിശ്ചിത മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് വാക്‌സിനേഷന് അനുമതി. വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയുടെ പ്രായപരിധി 50 ആക്കി കുറച്ചിട്ടുണ്ട്. നേരത്തെ പ്രായപരിധി 60 ആയിരുന്നതാണ് 50 ആക്കി കുറച്ചത്. 50 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അധികൃതരുടെ സന്ദേശം ലഭിക്കുന്നതനുസരിച്ച് വാക്‌സിന്‍ എടുക്കാം. 

രണ്ടു ഷിഫ്റ്റുകളിലായി രാവിലെ 7.00 മുതല്‍ രാത്രി 11.00 വരെയാണ് ഹെല്‍ത്ത്‌സെന്ററുകളുടെ പ്രവര്‍ത്തനം. അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വാക്സിന്‍ നല്‍കുന്നതിനു മുന്‍ഗണന. ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 7.00 മുതല്‍ രാത്രി 10.00 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
 
ലുസെയ്ല്‍ മള്‍ട്ടിപര്‍പ്പസ് ഹാളിന്റെ പിറകിലായാണ് വാക്‌സിനേഷന്‍ ഡ്രൈവ്-ത്രൂ കേന്ദ്രം. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ഡ്രൈവ്-ത്രൂ തുറന്നത്. കാറിലിരുന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കാം. ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള തീയതിയും സമയവും അധികൃതര്‍ നല്‍കുന്നുണ്ട്. അതനുസരിച്ച് അനുവദിച്ച തീയതികളില്‍ ഡ്രൈവ്-ത്രൂ സെന്ററില്‍ പോയി രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാം. ഇതിനായി വീണ്ടും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രാതി ഒമ്പതു വരെ മാത്രമേ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ.

രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തുന്ന ആള്‍ ആദ്യ ഗേറ്റില്‍ മൊബൈലിലെ ഇഹ്തിറാസ് പ്രൊഫൈല്‍ സ്റ്റാറ്റസ്, ഹെല്‍ത്ത് കാര്‍ഡ്, വാക്‌സിനേഷന്‍ തീയതി കാര്‍ഡ് എന്നിവ കാണിക്കണം. തുടര്‍ന്ന് രണ്ടാമത്തെ ഗേറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാം. വാക്‌സിന്‍ എടുത്ത ശേഷം അഞ്ചു മിനിറ്റ് കാത്തിരിക്കണം. വ്യക്തിയുടെ ആരോഗ്യനില നിരീക്ഷിക്കാനാണിത്. അതിനു ശേഷം വാക്‌സിനേഷന്‍ കാര്‍ഡ് ലഭിക്കും. രണ്ടാമത്തെ ഡോസെടുത്ത വിവരം കാര്‍ഡില്‍ സ്റ്റാമ്പ് ചെയ്തിട്ടുണ്ടാകും.  

വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചയുടന്‍ തന്നെ രാജ്യം വിടാം. എന്നാല്‍ രണ്ട്ഡോസും സ്വീകരിച്ച് നാട്ടില്‍ പോയി 14 ദിവസത്തിനുള്ളിലാണ് ഖത്തറിലേക്ക് തിരിച്ചുവരുന്നതെങ്കില്‍ ക്വാറന്റൈന്‍ വേണം. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തില്‍ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്. മറ്റു രാജ്യങ്ങളില്‍ നിന്നും വാക്സിന്‍ എടുത്തവര്‍ക്ക് നിലവില്‍ ക്വാറന്റൈന്‍ ഇളവ് ലഭ്യമല്ല.

വാക്സിന്‍ സ്വീകരിച്ചവര്‍ മൂന്നുമാസത്തിനുള്ളില്‍ മടങ്ങിയെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ടെന്ന ഇളവ് നേരത്തേ പ്രാബല്യത്തില്‍ വന്നിരുന്നു. രണ്ടാംഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള മൂന്നുമാസമാണ് ഇതിന് പരിഗണിക്കുക. ഖത്തറില്‍ നിന്ന് മാത്രം വാക്സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തിന് പുറത്തുപോയി മൂന്നുമാസത്തിനുള്ളില്‍ തിരിച്ചെത്തിയാലാണ് ക്വാറന്റൈന്‍ ആവശ്യമില്ലാത്തത്. കൊവിഡ് പോസിറ്റിവായ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയാലും ക്വാറന്റൈന്‍ ആവശ്യമില്ല. ഇവര്‍ ഖത്തറിലെത്തുമ്പോള്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.മൂന്നുമാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നതെങ്കില്‍ ക്വാറന്റൈന്‍ വേണം. 

അതേസമയം, രാജ്യത്തുള്ള എല്ലാവരോടും ഹമദിന്റെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിലുണ്ടാകുന്ന പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചികിത്സക്കടക്കം ഹെല്‍ത്ത് കാര്‍ഡ് അത്യാവശ്യമാണ്. ഇതിനാല്‍ പൗരന്മാരും പ്രവാസികളും ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം. ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഇത് കഴിഞ്ഞാല്‍ 100 റിയാല്‍ കൊടുത്ത് കാര്‍ഡ് പുതുക്കാം. 

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കടക്കം ചികിത്സ സൗജന്യമാണ്. ഹെല്‍ത്ത് കാര്‍ഡാണ് ചികിത്സക്കുള്ള അടിസ്ഥാന രേഖ. കൊവിഡ് ടെസ്റ്റ് സൗജന്യമായി നടത്തണമെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. വാക്സിന്‍ സ്വീകരിക്കാനും ഹെല്‍ത്ത് കാര്‍ഡ് അത്യാവശ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് ഇത് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് എല്ലാവരും കാര്‍ഡ് പുതുക്കണമെന്ന് എച്ച്.എം.സി ആവശ്യപ്പെടുന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് ഖത്തറില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു തുടങ്ങിയത്. ഇതില്‍ ജനങ്ങള്‍ക്കും ഒരുപങ്കുണ്ട്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ജനങ്ങള്‍ അവഗണിച്ചത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ നിസ്സംഗതാ മനോഭാവം തുടര്‍ന്നാല്‍ രോഗതോത് വ്യാപിക്കുകയല്ലാതെ ഇല്ലാതാക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രവാസികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വാക്സിന്‍ പോലുള്ള പ്രതിരോധനാപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top