News Desk

2021-04-01 06:00:24 pm IST
40 വയസ് കഴിഞ്ഞാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി തിരക്ക്, വ്യായാമം ഇല്ലായ്മ, സമ്മര്‍ദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി എന്നിവയെല്ലാം പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നു. 

ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ അസുഖങ്ങളെ ഒരു പരിധി വരെ തടയാന്‍ സാധിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് നയിക്കാം. അതിനാല്‍ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക.

നാല്‍പ്പത് വയസ് കഴിഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുന്നത് ഏറെ നല്ലതാണ്. ഷുഗര്‍ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. ഷുഗര്‍ ലെവല്‍ പരിശോധിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഗുണം ചെയ്യും.

കാപ്പി കുടിക്കുന്നത് കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. ഉയര്‍ന്ന അളവിലുള്ള കഫീന്‍ ഹൃദയമിടിപ്പിനേയും രക്തസമ്മര്‍ദ്ദത്തേയും ഉയര്‍ത്തും. ഇത് ഹൃദ്രോഗമുള്ള ചില ആളുകള്‍ക്ക് അപകടമുണ്ടാക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. അതു സാധിക്കുന്നില്ലെങ്കില്‍ അളവ് കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ വളരെ അപകടകാരികളാണ്. അതിനാല്‍ അവ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഭക്ഷണത്തില്‍ കൂടുതലും പച്ചക്കറികള്‍ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകംചെയ്യുക എന്നതും പ്രധാനമാണ്. ഇലക്കറികള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഫാറ്റി ലിവര്‍ തടയാനും സഹായിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top