News Desk

2021-04-09 03:52:43 pm IST

ന്യൂജഴ്‌സി: യു.എസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി (30) എന്നിവരെയാണ് അര്‍ലിങ്ടണ്‍ ബറോയിലെ വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

നോര്‍ത്ത് ആര്‍ലിങ്ടണിലെ അപ്പാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ ഇവരുടെ നാല് വയസുകാരിയായ മകള്‍ കരയുന്നതു കണ്ട് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ബാലാജിയാണ് ഭാര്യയെ കുത്തിയതെന്നും വീട്ടില്‍ പിടിവലി നടന്നതിന്റെ സൂചനകള്‍ ഉണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 

പൊലീസ് അന്വേഷണം നടത്തുകയാണെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരണവിവരം തങ്ങള്‍ വ്യാഴാഴ്ചയാണ് അറിഞ്ഞതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'ഞങ്ങള്‍ അവര്‍ക്കൊപ്പം യു.എസില്‍ ഉണ്ടായിരുന്നു. വീണ്ടും അവിടേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഈ ദുരന്തവാര്‍ത്ത. വളരെ സന്തോഷത്തോടെയാണ് എന്റെ മകനും കുടുംബവും ജീവിച്ചിരുന്നത്. സ്‌നേഹമുള്ള അയല്‍ക്കാര്‍ക്ക് നടുവിലായിരുന്നു അവര്‍. എന്താണ് സംഭവിച്ചതെന്ന് അറിയില്ല'- ഭരത് രുദ്രവാര്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനാകും. മകള്‍ ഇപ്പോള്‍ ബാലാജിയുടെ സുഹൃത്തിനൊപ്പമാണെന്നും ഭരത് പറഞ്ഞു.

ബാലാജി സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. 2014-ലാണ് ആരതിയും ബാലാജിയും വിവാഹിതരാകുന്നത്. ബാലാജിക്ക് ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് 2015-ലാണ് ഇരുവരും യു.എസിലേക്ക് പോകുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top