ദോഹ: ഖത്തറിലെ കോര്‍ണിഷില്‍ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മൂന്ന് പ്ലാസകള്ക്കുള്ളില് കഫേകള്‍ തുടങ്ങുന്നതിന് സംരംഭകരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് ടെണ്ടര്‍ ക്ഷണിച്ച കാര്യം പ്രഖ്യാപിച്ചത്.
അല്‍ ദഫ്ന, അല്‍ കോര്‍ണിഷ്, അല്‍ ബിദ്ദ പ്ലാസകളിലായി ആറ് കഫേകള്ക്കുള്ള ടെണ്ടറാണ് ക്ഷണിച്ചത്. കോര്‍ണിഷില്‍ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മൂന്നു പ്ലാസകളെയും കാല്‍നടയാത്രക്കാരുടെ അണ്ടര്‍പാസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ കടലിലേക്ക് നോക്കിയിരിക്കാവുന്ന തരത്തില്‍ പുറത്തും ഇരിപ്പിടങ്ങള്‍ അനുവദിക്കുമെന്ന് സൂപ്പര്‍വൈസറി കമ്മറ്റി ചെയര്മാന് എഞ്ചി.മുഹമ്മദ് അല്‍ ഖാലിദി അറിയിച്ചു.
രണ്ടു നിലകളിലുള്ള ഓരോ യുണിറ്റിലും താഴത്തെ നിലയില്‍ കഫെയും മുകളില്‍ കടലിന് അഭിമുഖമായി ഇരിക്കാവുന്ന തരത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ടാവും. ഒരു വശം പ്ലാസയുടെ ഉള്ഭാഗവുമായും മറ്റൊരു വശം അണ്ടര്പാസുമായും ബന്ധിപ്പിച്ചതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇരു വശങ്ങളിലൂടെയും കഫെകളിലേക്ക് പ്രവേശനം സാധ്യമാകും. അല്‍ദഫ്ന പ്ലാസയില്‍ രണ്ട് കഫെകളാണ് ഉണ്ടാവുക. ഓരോന്നിനും ആകെ 68 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഉണ്ടായിരിക്കുക. ഇതില്‍ 20 ചതുരശ്ര മീറ്റര്‍ അകത്തും 48 ചതുരശ്ര മീറ്റര്‍ ബാഹ്യ ഇടവുമായിരിക്കും.
കോര്‍ണിഷ് പ്ലാസയിലും രണ്ട് കഫേകള്‍ ഉണ്ടാവും. 95 ചതുരശ്ര മീറ്റര്‍ ആകെ വിസ്തീര്‍ണമുള്ള ഓരോന്നിലും 46 ചതുരശ്ര മീറ്റര്‍ അകത്തും 49 ചതുരശ്ര മീറ്റര്‍ ബാഹ്യ ഇടവുമായിരിക്കും. അല്‍ ബിദ പ്ലാസയിലെ രണ്ട് കഫേകളില്‍ ഓരോന്നിനും ആകെ 68 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടായിരിക്കും.ഇതില്‍ 20 ചതുരശ്ര മീറ്റര്‍ അകത്തും 48 ചതുരശ്രമീറ്റര്‍ ബാഹ്യ ഇടവുമായിരിക്കും.
ഓരോ കഫേയിലും വെള്ളം, വൈദ്യുതി,എയര്‍കണ്ടീഷന്‍ കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് ഈ
ലിങ്ക് വഴി ബിഡുകള്‍ സമര്‍പ്പിക്കാം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക