News Desk

2021-12-05 06:00:33 pm IST
ദോഹ: 2021 അറബ് കപ്പിന്റെയും 2022 ഫിഫ ലോകകപ്പിന്റെയും ഭാഗമായി പുതിയ പാര്‍ക്കിംഗ് ലോട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു.  50 പുതിയ പാര്‍ക്കിംഗ് ലോട്ടുകളാണ് പൂര്‍ത്തീകരിച്ചത്.

ഏകദേശം മൂന്ന് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പുതിയ ലോട്ടുകള്‍ നിര്‍മ്മിച്ചത്. പുതിയ പാര്‍ക്കിംഗ് ലോട്ടുകളില്‍ 51,000 കാറുകളും 5,600 ബസുകളും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. വെറും മൂന്ന് മാസത്തിനുള്ളിലാണ് പണികള്‍ പൂര്‍ത്തിയാക്കിയത്.

പുതിയ പാര്‍ക്കിംഗ് ലൊക്കേഷനുകളില്‍ കാറുകള്‍ക്കും ബസുകള്‍ക്കും ടാക്‌സികള്‍ക്കും പ്രത്യേക സ്ഥലങ്ങളുണ്ട്. നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് പുറമെ പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങളും നല്‍കിയിട്ടുണ്ട്. പുതിയ പാര്‍ക്കിംഗ് ലോട്ടുകള്‍ സ്റ്റേഡിയങ്ങളിലേക്കുള്ള ആരാധകരുടെ പ്രവേശനം, റോഡുകളിലെ തിരക്ക്, ഗതാഗതം തുടങ്ങിയവ ഏറെ സുഗമമാക്കാന്‍ സഹായിക്കുന്നതാണ്. 

ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അഷ്ഗല്‍ പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എസ്.സിക്ക് കൈമാറി.

50 പുതിയ പാര്‍ക്കിംഗ് ലോട്ടുകളില്‍ 26 എണ്ണം സ്റ്റേഡിയത്തിന് തൊട്ടടുത്തായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, 17 പാര്‍ക്കിംഗ് ലോട്ടുകള്‍ സ്റ്റേഡിയങ്ങള്‍ക്ക് അകലെ കര്‍വ, മെട്രോ സമീപങ്ങളിലുമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ട്രെയ്നിങ് ഗ്രൗണ്ടുകള്‍ക്കു സമീപം നാല് പാര്‍ക്കിംഗുകള്‍ ഉണ്ട്. മൂന്ന് വിവിധോപയോഗ പാര്‍ക്കിംഗുകളും സജ്ജീകരിച്ചിട്ടുണ്ട്.

സ്റ്റേഡിയങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന പാര്‍ക്കിംഗ് ലോട്ടുകളെ സംബന്ധിച്ചിടത്തോളം, 19,000 കാറുകളും 1,930 ബസുകളും ഉള്‍ക്കൊള്ളുന്ന ഏഴ്‌ പാര്‍ക്കിംഗ് ലോട്ടുകള്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തിനടത്താണ്. 1,800 കാറുകളും 750 ബസുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്ന് പാര്‍ക്കിംഗ് ലോട്ടുകള്‍ അല്‍ ജനൂബ് സ്റ്റേഡിയത്തിന് സമീപത്താണ്.

ഇതിന് പുറമെ, 4,000 കാറുകള്‍ക്കും 370 ബസുകള്‍ക്കുമുള്ള അഞ്ച് പാര്‍ക്കിംഗ് ലോട്ടുകള്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന് അടുത്തുണ്ട്. അല്‍ തുമാമ സ്റ്റേഡിയത്തിന് സമീപത്തായി 11,400 കാറുകള്‍ക്കും 400 ബസുകള്‍ക്കും സര്‍വീസ് നല്‍കുന്ന നാല് പാര്‍ക്കിംഗ് ലോട്ടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റേഡിയം 974 സ്‌റ്റേഡിയത്തിന്‌ 2,900 കാറുകളും 350 ബസുകളും ഉള്‍ക്കൊള്ളുന്ന മൂന്ന് പാര്‍ക്കിംഗ് ലോട്ടുകളും നിര്‍മ്മിച്ചു.

സ്റ്റേഡിയത്തില്‍ നിന്ന് അകലെ നിര്‍മ്മിച്ചിട്ടുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്കാകട്ടെ, 11,900 കാറുകളും 1,800 ബസുകളും ഉള്‍ക്കൊള്ളാന്‍ കഴിയും. എല്ലാ പാര്‍ക്കിംഗ് ലോട്ടുകളിലുമായി (50 സൈറ്റുകള്‍) 51,000-ലധികം കാറുകള്‍ക്കും 5,600-ലധികം ബസ്സുകള്‍ക്കും പാര്‍ക്കിംഗ് സാധ്യമാകും. സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും നേരത്തെ നിര്‍മ്മിച്ച പാര്‍ക്കിംഗ് ലോട്ടുകള്‍ക്ക് പുറമെയാണ് ഈ അധിക പാര്‍ക്കിംഗ് സ്ഥലങ്ങള്‍.

ഖത്തറിലെ കായിക മത്സരങ്ങള്‍ക്കായുള്ള ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും മെട്രോ, കര്‍വ ബസ് ശൃംഖലയുമായി റോഡ് ശൃംഖലയുടെ സംയോജനം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൊതുമരാമത്ത് അതോറിറ്റി ഈ പദ്ധതി നടപ്പാക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top