News Desk

2021-04-04 06:27:52 pm IST

തിരുവനന്തപുരം: പരസ്യ പ്രചരണം അവസാനിക്കാന്‍ ഇനി മിനുറ്റുകള്‍ മാത്രം ബാക്കി. പരസ്യ പ്രചാരണം ഏഴ് മണിക്കാണ് അവസാനിക്കുക. കൊവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശമില്ലാതെയാണ് പ്രചരണം അവസാനിക്കുക. 

കൊവിഡ് കാലമായതിനാലാണ് കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആവേശത്തിന് ഒട്ടുംകുറവില്ല. അവസാനവട്ട പ്രചാരണം ആവേശത്തിലാക്കാനുള്ള നീക്കത്തിലാണ് ഇടത്-വലത്-എന്‍.ഡി.എ മുന്നണികള്‍.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോടും നേമത്തും റോഡ് ഷോകളില്‍ പങ്കെടുത്തു. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒന്നേകാല്‍ മണിക്കൂറോളം വൈകിയാണ് റോഡ് ഷോ ആരംഭിച്ചത്. പെരളശ്ശേരിയില്‍നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. 

യു.ഡി.എഫ് സര്‍ക്കാര്‍ വരാന്‍ പോവുകയാണെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്ന് രമേശ് ചെന്നിത്തല ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധി കോഴിക്കോട്ട് റോഡ് ഷോയില്‍ പങ്കെടുത്തു. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ റോഡ് ഷോ നടത്തിയത്. നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുല്‍ തിരുവനനന്തപുരത്തേക്ക് തിരിച്ചു. 

കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് എന്‍.ഡി.എ. ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ കോഴിക്കോട്ട് നടന്ന റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top