വാഷിംഗ്ടണ്‍: റഷ്യയുടെ ഉക്രൈന് അധിനിവേശം 20 ദിവസം പിന്നിടുമ്പോള്‍ വിഷയത്തില്‍ ചൈനക്കെതിരെ മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. റഷ്യ, ചൈനയോട് ആയുധ സഹായം ആവശ്യപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
യുക്രൈന് അധിനിവേശത്തിന് റഷ്യയെ സഹായിച്ചാല്‍ ചൈന കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോമില്‍ യു.എസിന്റെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മുന്നറിയിപ്പ്.
യുക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ചൈനയോട് സൈനിക സഹായം നല്കാന് റഷ്യ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ യു.എസ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. എന്നാല്‍ ഈ അഭ്യര്‍ത്ഥനയെക്കുറിച്ച് അറിയില്ലെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി അറിയിച്ചു.
യു.എന്നില്‍ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങളടക്കമുള്ള കുറ്റങ്ങളില്‍ നിന്നും റഷ്യയെ രക്ഷപ്പെടാന്‍ സഹായിക്കുന്നത് ഒഴിവാക്കണമെന്നും റഷ്യയ്ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ ചൈന വിപണിയില്‍ ഇടപെട്ടാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് മുന്നറിയിപ്പ് നല്കി.
അതേസമയം, യുക്രൈന് അധിനിവേശത്തെ തുടര്‍ന്ന് റഷ്യ കനത്ത പ്രതിരോധം നേരിടുകയാണ്. പ്രതിരോധം കനത്തതോടെ റഷ്യയുടെ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു. ഇതിനിടെയാണ് റഷ്യ, സുഹൃത്ത് രാജ്യമായ ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
എന്നാല്‍ ഏത് തരം ആയുധങ്ങളാണ് ആവശ്യപ്പെട്ടതെന്നോ ആവശ്യപ്പെട്ട ആയുധങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറാണോ എന്നുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റഷ്യയുടെ ആവശ്യം പാശ്ചാത്യ ലോകത്ത് ഏറെ ആശങ്ക സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യുക്രൈന് അധിനിവേശത്തിന്റെ തുടക്കം മുതല്‍ റഷ്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ചൈന, സൈനികമോ സാമ്പത്തികമോ ആയ പിന്തുണ റഷ്യക്ക് നല്‍കിയതായി പരസ്യമായി അറിയിച്ചിട്ടില്ല.
എന്നാല്‍ റഷ്യ സമീപ കാലത്ത് ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ക്കായി ചൈനയോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, റഷ്യയെ സഹായിക്കാന്‍ സൈനികമായി ചൈന തയ്യാറെടുക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടയില്‍ യു.എസ് നാറ്റോ അടക്കമുള്ള തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്കാന് തയ്യാറെടുക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക