News Desk

2021-03-07 08:24:39 pm IST
തിരുവനന്തപുരം: കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരില്‍ അറിയപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചത്.

സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാല്‍ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യു.ഡി.എഫ് വരുമ്പോള്‍ സോളാര്‍ ആണെങ്കില്‍ എല്‍.ഡി.എഫ് വരുമ്പോള്‍ ഡോളര്‍ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അഴിമതി നടത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ മത്സരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. 

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ താന്‍ ഉന്നയിക്കുന്ന നിര്‍ണായക ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ പൊതുവേദിയില്‍ അതെ അല്ലെങ്കില്‍ അല്ല എന്ന മറുപടി പറയാന്‍ തയ്യാറാകുമോയെന്ന് അമിത് ഷാ വെല്ലുവിളിച്ചു. വിശദീകരണമല്ല നല്‍കേണ്ടതെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു. 

സ്വര്‍ണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്തിരുന്നോ? സ്വര്‍ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നോ ഇല്ലയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top