News Desk

2021-05-11 05:14:01 pm IST
മോസ്‌കോ: റഷ്യന്‍ നഗരമായ കാസനിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പതിനൊന്നോളം പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ആക്രമണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

കൗമാരക്കാരായ രണ്ടു തോക്കുധാരികള്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്ന് സുചനയുണ്ടെന്ന് ചില റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 19 കാരനായ ഒരാളാണ് വെടിവെപ്പ് നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിനു പിറകില്‍ ആരാണെന്നത് സംബന്ധിച്ച വിവരങ്ങളും സ്ഥിരീകരിച്ചിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ റ്റാറ്റര്‍സ്ഥാന്റെ തലസ്ഥാനമാണ് കാസന്‍. മോസ്‌കോയില്‍ നിന്ന് 450 മൈല്‍ കിഴക്കായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളും സ്‌കൂളിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതിനിടെ, ആക്രമണം നടന്ന സ്‌കൂള്‍കെട്ടിടത്തില്‍നിന്ന് പ്രാണരക്ഷാര്‍ഥം കുട്ടികള്‍ ജനല്‍ വഴി ചാടുന്നതിന്റെയും ഇവര്‍ക്ക് പരിക്കേറ്റതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതില്‍ വെടിയൊച്ചകളും കേള്‍ക്കാം. മറ്റൊരു ദൃശ്യത്തില്‍ ഒരു യുവാവിനെ പൊലീസ് കീഴ്പ്പെടുത്തിയതായും കാണാം. അതോടൊപ്പം തന്നെ സ്‌ഫോടന ശബ്ദവും ദ്രുതകര്‍മ സേനാംഗങ്ങള്‍ സ്‌കൂളിലേക്ക് കുതിക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top