News Desk

2021-03-01 12:49:38 pm IST

യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 30-ലധികം പേര്‍ക്ക് പരിക്കേറ്റു. യു.എന്‍ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്തുവിട്ടത്.

പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണിത്. ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത്. രാജ്യത്തെ പ്രമുഖ നേതാവായ ഓങ് സാങ് സൂചിയെയും ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയിരിക്കുകയാണ്.

പട്ടാള അട്ടിമറിക്കെതിതെ മ്യാന്‍മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തു. വിദ്യാര്‍ഥികളും യുവാക്കളുമടക്കം രാപകല്‍ വിത്യാസമില്ലാതെ തെരുവില്‍ പ്രതിഷേധത്തിലാണ്. 

പ്രതിഷേധങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ശനിയാഴ്ച മുതല്‍ പ്രക്ഷോഭര്‍ക്ക് നേരെ സൈന്യം തോക്കുപയോഗിക്കാന്‍ തുടങ്ങിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, പട്ടാളത്തിന്റെ നടപടിയില്‍ ശക്തമായി അപലപിക്കുന്നതായി യു.എന്‍ അറിയിച്ചു. സമാധാനമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top